ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു: ഡിആര്‍ഐ റിപോര്‍ട്ട്

ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും വിമാനമാര്‍ഗം ഇന്ത്യയിലേക്ക് കൊക്കെയ്നും ഹെറോയിനും കടത്തുന്നത് വര്‍ധിക്കുന്നു

Update: 2024-12-07 06:02 GMT

ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും വിമാനമാര്‍ഗം ഇന്ത്യയിലേക്ക് കൊക്കെയ്നും ഹെറോയിനും കടത്തുന്നത് വര്‍ധിക്കുന്നതായി രാജ്യത്തെ കള്ളക്കടത്ത് വിരുദ്ധ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ റിപോര്‍ട്ട്.2022-23 ല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് 21 ആണെങ്കില്‍ 2023-24 ല്‍ ഇത് 47 ആയി ഉയര്‍ന്നു. റിപ്പോര്‍ട്ട് പറയുന്നു. 2024-ല്‍ 975 കോടി രൂപയുടെ കൊക്കെയ്ന്‍ ആണ് പിടിച്ചെടുത്തത്.ഇവയില്‍ ഭൂരിഭാഗവും വിമാനത്താവളങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത് എന്ന് റിപോര്‍ട്ട് പറയുന്നു.

കൊറിയറുകളും പാഴ്സലുകളും വഴിയുള്ള മയക്കുമരുന്ന് കടത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രധാനമായും ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള എയര്‍ കാര്‍ഗോയിലൂടെയും മനുഷ്യ വാഹകരിലൂടെയും കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയുടെ കള്ളക്കടത്ത് വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ഡിആര്‍ഐ നടത്തിയ ഹെറോയിന്‍ പിടികൂടിയതില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമമാര്‍ഗങ്ങളിലൂടെയും വടക്കുകിഴക്കന്‍ അതിര്‍ത്തികളിലൂടെയുള്ള കരമാര്‍ഗങ്ങളിലൂടെയും ആയിരുന്നു. റിപോര്‍ട്ട് പറയുന്നു.

പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മിസോറാം എന്നിവിടങ്ങളില്‍ മെത്താംഫെറ്റാമൈന്‍ കള്ളക്കടത്ത് വര്‍ധിച്ചതായി റിപോര്‍ട്ട് പറയുന്നു. സമീപ വര്‍ഷങ്ങളില്‍, വിവിധ മയക്കുമരുന്ന് വസ്തുക്കളുടെ ലഭ്യതയിലും ഉപയോഗത്തിലും ഇന്ത്യയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.

2023-24ല്‍ 107 കിലോ കൊക്കെയ്ന്‍ (975 കോടി രൂപ ), 49 കിലോഗ്രാം ഹെറോയിന്‍ ( 365 കോടി രൂപ), 236 കിലോഗ്രാം മെഫെഡ്രോണ്‍ ( 356 കോടി രൂപ ), എന്നിങ്ങനെ 8,224 കിലോഗ്രാം മയക്കുമരുന്ന്, മെത്താംഫെറ്റാമൈന്‍ ( 275 കോടി), സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ ഉള്‍പ്പെട്ട 109 കേസുകള്‍ ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്തു. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് പുറമെ, തെക്കുകിഴക്കന്‍ ഏഷ്യയും പശ്ചിമേഷ്യയും ആസ്ഥാനമായുള്ള കള്ളക്കടത്ത് സംഘങ്ങള്‍ കടല്‍മാര്‍ഗങ്ങളിലൂടെയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News