കോട്ടക്കലില്‍ വന്‍ ലഹരിവേട്ട; മൂന്നംഗ സംഘം അറസ്റ്റില്‍

Update: 2022-10-12 08:23 GMT

കോട്ടക്കല്‍: അതി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി എത്തിയ മൂന്നംഗ ലഹരി കടത്തു സംഘത്തെ കോട്ടക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ അഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയും പിടിച്ചെടുത്തു.

കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29), വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയില്‍ വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി.

തദ്ദേശീയരായ ഏജന്റുമാര്‍ മുഖേനയാണ് വില്‍പ്പന. കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീമുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

ബാംഗ്ലൂരില്‍ രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങി അവിടെയുള്ള ഏജന്റുമാര്‍ മുഖേനയാണ് മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വിലപറഞ്ഞുറപ്പിച്ച് മയക്കുമരുന്ന് വാങ്ങുന്നത്. പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്‌സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിക്കുക.

ചെറിയ പായ്ക്കറ്റുകളിലാക്കി ഗ്രാമിന് പതിനായിരം രൂപ മുതല്‍ വിലയിട്ടാണ് ചെറുകിട വില്‍പ്പനക്കാര്‍ വില്‍പ്പനനടത്തുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ പോലും അടിമപ്പെടുന്ന അതിമാരകമായ മയക്കുമരുന്നായ എംഡിഎംഎ മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്. ആറുമാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങള്‍ പറയുന്നു.

Similar News