വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു; തൃശൂര്‍ ജില്ലയില്‍ 2 ക്രഷുകള്‍ക്ക് പ്രവര്‍ത്തനാനുമതി

Update: 2022-09-19 01:37 GMT

തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവ നിയന്ത്രിക്കുന്നതിന് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ തൃശൂര്‍ ജില്ലാ ശിശുക്ഷേമ സമിതി. ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം.

സിന്തറ്റിക് മയക്കുമരുന്നിന്റെ ഉള്‍പ്പെടെ ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമാണ്. ഇതിനെ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് കലക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് സ്‌കൂളുകളെ ഉള്‍പ്പെടുത്തി വേണം ബോധവല്‍ക്കരണ ക്യാംപയിന്‍ സംഘടിപ്പിക്കേണ്ടത്. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും കലക്ടര്‍ പറഞ്ഞു.

പട്ടികവര്‍ഗ പിന്നോക്ക മേഖലയിലെ കുട്ടികളെ പൊതുനിരത്തിലേയ്ക്ക് ഉയര്‍ത്തി കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനുള്ള നടപടികളും കൈക്കൊളളും. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി സഹവാസ ക്യാമ്പ്, ശില്‍പ്പശാല എന്നിവ നടത്താനും യോഗം തീരുമാനിച്ചു. ജില്ലയില്‍ പുതുതായി 2 ക്രഷുകള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ചേലക്കര, കാളത്തോട് മേഖലകളിലാണ് ക്രഷുകള്‍ ആരംഭിക്കുക.

വിവിധ വിഷയങ്ങളില്‍ പ്രതിഭകളായ കുട്ടികള്‍ക്കായി ത്രിദിന സഹവാസ ക്യാംപ് സംഘടിപ്പിക്കും. താല്‍പര്യമുള്ള മേഖലകളില്‍ കുട്ടികളില്‍ അഭിരുചി വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെകുട്ടികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച് പുസ്തകം പ്രസിദ്ധീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ വര്‍ഷം മുടങ്ങിയ ശിശുദിനാഘോഷം ഇത്തവണ വിപുലമാക്കാനും യോഗം തീരുമാനിച്ചു. ഓട്ടിസം കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തുന്ന ശില്‍പ്പശാല തൃശൂരില്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍, എഡിസി അയന പി എന്‍, ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സി.കമ്മറ്റി അംഗം എം കെ പശുപതി, വൈസ് പ്രസിഡന്റ് ഡോ.എം എന്‍ സുധാകരന്‍, സെക്രട്ടറി എന്‍ ചെല്ലപ്പന്‍, ശിശുക്ഷേമ സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.

Similar News