ഇ ഹെല്‍ത്ത് വിപുലീകരിക്കുന്നു; 30 ആശുപത്രികള്‍ക്കായി 14.99 കോടി അനുവദിച്ചു

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കല്‍ കോളജുകളിലും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറല്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

Update: 2021-12-09 10:23 GMT

തിരുവനന്തപുരം: 30 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയര്‍ ആശുപത്രികളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കല്‍ കോളജുകളിലും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറല്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് 1284 ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഭാരിച്ച തുക ആവശ്യമായിട്ടുണ്ട്. എന്നിരുന്നാലും ഇ ഹെല്‍ത്ത് പദ്ധതിയുടെ സേവനം കൂടുതല്‍ ടെറിഷ്യറി കെയര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തില്‍ 30 ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഒപി വിഭാഗത്തില്‍ ഇ ഹെല്‍ത്ത് ആരംഭിക്കുന്നത്. ഇതോടെ ഈ ആശുപത്രികളില്‍ തിരക്കൊഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നതാണ്.

ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, എറണാകുളം ആലുവ ജില്ലാ ആശുപത്രി, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി എന്നീ ജില്ലാ ആശുപത്രികളിലും ആലപ്പുഴ ജനറല്‍ ആശുപത്രി, എറണാകുളം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, കണ്ണൂര്‍ തലശേരി ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, ചങ്ങനാശേരി ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, മലപ്പുറം മഞ്ചേരി ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നീ ജനറല്‍ ആശുപത്രികളിലുമാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നത്.

Tags:    

Similar News