യേശു ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച ബിജെപി എംഎല്‍എക്കെതിരേ കേസ്

Update: 2025-01-08 15:06 GMT

റായ്പൂര്‍: യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ച ബിജെപി എംഎല്‍എക്കെതിരേ കേസ്. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എയായ രായമുനി ഭഗത്തിനെതിരെയാണ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്. 2024 സെപ്റ്റംബര്‍ ഒന്നിന് ദേഖ്‌നി ഗ്രാമത്തില്‍ ഗോണ്ടി ഭാഷയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

തുടര്‍ന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പോലിസില്‍ പരാതി നല്‍കി. കേസെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കി. എസ്പിയും കേസെടുത്തില്ല. കേസെടുക്കാന്‍ ആവശ്യപ്പെട്ട് 130 കിലോമീറ്റര്‍ നീളത്തിലുള്ള മനുഷ്യചങ്ങല പ്രതിഷേധവും നടത്തിയെങ്കിലും പോലിസ് അനങ്ങിയില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

എംഎല്‍എയുടെ പ്രസംഗം വര്‍ഗീയ സ്വഭാവത്തോടെയുള്ളതാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ പ്രസംഗിച്ചതെന്നാണ് വീഡിയോദൃശ്യങ്ങളില്‍ നിന്നു മനസിലാവുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്. ഈ മാസം പത്തിന് പ്രതി നേരില്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു.

Similar News