ബിജെപിയുടെ സനാതന രാഷ്ട്രീയത്തെ നേരിടാന്‍ സനാതന്‍ സേവാ സമിതി രൂപീകരിച്ച് ആം ആദ്മി പാര്‍ട്ടി
ബിജെപിയുടെ ടെംപിള്‍ സെല്‍ ഭാരവാഹികള്‍ ഈ സമിതിയില്‍ ചേര്‍ന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ''സനാതന്‍ സേവാ സമിതി'' രൂപീകരിച്ച് ആം ആദ്മി പാര്‍ട്ടി. ഹിന്ദു പൂജാരികള്‍ക്കും സിഖ് മതപണ്ഡിതര്‍ക്കും പ്രതിമാസം 18,000 രൂപ വീതം നല്‍കുമെന്ന പൂജാരി-ഗ്രന്ഥി പദ്ധതി പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസിന് മുന്നില്‍ ക്രമീകരിച്ച വേദിയില്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്കും സ്വാമിമാര്‍ക്കും ഒപ്പം വേദി പങ്കിട്ട് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്.
'' ഞങ്ങള്‍ പറയുന്നത് ഞങ്ങള്‍ ചെയ്യുന്നു. സനാതന ധര്‍മ്മത്തിന്റെ സേവകര്‍ക്കായുള്ള ഈ പദ്ധതി തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടപ്പിലാക്കും. സന്യാസ സമൂഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ഞങ്ങള്‍ക്ക് പ്രധാനമാണ്.''- കെജ്‌രിവാള്‍ പറഞ്ഞു. ബിജെപിയുടെ ടെംപിള്‍ സെല്‍ ഭാരവാഹികള്‍ ഈ സമിതിയില്‍ ചേര്‍ന്നിട്ടുണ്ട്. തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ആം ആദ്മി പാര്‍ട്ടി കരുതുന്നത്. ഹിന്ദുമതവിശ്വാസികള്‍ ഇതോടെ കൂട്ടത്തോടെ വോട്ട് ചെയ്യുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 2014 മുതല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയാണ് വിജയിക്കുന്നത്. പക്ഷേ, ലോക്‌സഭയില്‍ ബിജെപിയാണ് വിജയിക്കാറ്. ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണം ഡല്‍ഹിയില്‍ ഉണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍.