2024ലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ പട്ടികയില്‍ ഇ അബൂബക്കറും
മൈനോറിറ്റി മീഡിയ ഫൗണ്ടേഷനും മുസ്‌ലിം മിററും സംയുക്തമായി തയ്യാറാക്കിയ 100 പേരുടെ പട്ടികയാണിത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 100 മുസ്‌ലിംകളുടെ 2024ലെ പട്ടിക മൈനോറിറ്റി മീഡിയ ഫൗണ്ടേഷനും മുസ്‌ലിം മിററും സംയുക്തമായി പുറത്തുവിട്ടു. മുന്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അടക്കമുള്ളവരാണ് പട്ടികയിലുള്ളത്. വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവും നേതൃപാടവവും സാമൂഹികമാറ്റവും പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്ന കോര്‍പറേറ്റ് മീഡിയ-ഹിന്ദുത്വപ്രചരണങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടിക തയ്യാറാക്കിയതെന്ന് മുസ്‌ലിം മിറര്‍ സ്ഥാപക എഡിറ്റര്‍ സയ്യിദ് സുബൈര്‍ അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതിയില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അസം മുതല്‍ ഗുജറാത്ത് വരെയുമുള്ള സംസ്ഥാനങ്ങളിലെ വിവിധ മുസ്‌ലിം വിഭാഗങ്ങളിലെ അംഗങ്ങളെ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
എ ആര്‍ റഹ്മാന്‍, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ആമിര്‍ ഇദ്‌റീസി, ആമിര്‍ഖാന്‍, അബ്ദുല്‍ ഹമീദ് നൗമാനി, അബ്ദുല്‍ ഖാദര്‍ ഫസ്‌ലാനി, അബ്ദുല്‍ ഖദീര്‍, അബ്ദുല്ല കുഞ്ഞി, സല്‍മാന്‍ ഖാന്‍, അര്‍ഷദ് മദനി തുടങ്ങി 100 പേരാണ് പട്ടികയിലുള്ളത്.