സജ്ജം ഇ ഹെൽത്ത് : തൃശൂർ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗം ഉൾപ്പടെ പൂർണമായും ഇ - ഹെൽത്ത് സംവിധാനത്തിൽ

Update: 2023-01-02 12:24 GMT


തൃശൂർ: അത്യാഹിത വിഭാഗം ഉൾപ്പടെ തൃശൂർ ഗവ മെഡിക്കൽ കോളജിലെ നിർണായക വിഭാഗങ്ങൾ പൂർണമായും ഇ - ഹെൽത്ത് സംവിധാനത്തിൽ. ഒപി വിഭാഗം രജിസ്ട്രേഷൻ, അഡ്മിഷൻ, ബില്ലിംഗ്, ലാബ് തുടങ്ങിയവ പൂർണമായും ഇ ഹെൽത്തിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു.

രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിവസം തന്നെ 3500 ഒ പി രജിസ്ട്രേഷനും, 200 അഡ്മിഷനുകളും 5000ൽ അധികം ലാബ് പരിശോധനകളുമാണ് ഇ ഹെൽത്ത് മുഖേന പൂർത്തിയാക്കിയത്. അധിക ജീവനക്കാരെ പല സ്ഥലങ്ങളിൽ നിന്നും പൂൾ ചെയ്തു തിരക്ക് കുറക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. എന്നിരുന്നാലും പുതിയ ഇന്റർഫേസ് കൈകാര്യം ചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മൂലം സാമാന്യം തിരക്ക് അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ ഈ തിരക്ക് ക്രമേണ കുറയുമെന്നാണ് കണക്ക് കൂട്ടൽ ഇ - ഹെൽത്ത്‌ പദ്ധതി പൂർണമായും നടപ്പിലാക്കുന്ന ആദ്യ മെഡിക്കൽ കോളേജ് ആകുകയാണ് ലക്ഷ്യം.

അടുത്ത രണ്ടു ആഴ്ചകൾ കൊണ്ടു മൊബൈൽ/ഇന്റർനെറ്റ് രജിസ്ട്രേഷൻ, യു എച്ച് ഐ ഡി കാർഡ് പ്രിന്റിങ്, മൊബൈൽ ഫോണിൽ ലാബ് റിസൾട്ട് എന്നിവ ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷ.

ഇ ഹെൽത്ത്‌ പദ്ധതി ആരംഭിക്കുന്നതിനുള്ള ആദ്യ പടി ഇതിനായുള്ള ഹാർഡ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതായിരുന്നു. ഇതിനായി 125 കെ വി എ ശേഷിയുള്ള യു പി എസ് മുഖേന തടസ്സങ്ങളില്ലാതെ വൈദ്യുതി എത്തിക്കേണ്ടതുണ്ടായിരുന്നു . യു പി എസ് ഇൻസ്റ്റാൾ ചെയ്തു പിഡബ്ല്യുഡി സബ്സ്റ്റേഷനിൽ നിന്ന് പ്രത്യേക ഹൈടെൻഷൻ വൈദ്യുതി കേബിൾ സ്ഥാപിച്ചു. വൈദ്യുതി എത്തിച്ചെങ്കിലും ആകെയുള്ള 750 കെ വി എ എന്ന സബ്സ്റ്റേഷൻ പരിധി അധികരിച്ചതിനാൽ കെ എസ് ഇ ബി / ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ അനുമതി ലഭിച്ചില്ല. പിന്നീട് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പടെയുള്ളവരുടെ ഇടപെടലോടെയാണ് പ്രതിസന്ധി പരിഹരിച്ചത്.

പദ്ധതി നടപ്പിലാക്കുന്നതിനായി 200ൽ പരം കമ്പ്യൂട്ടർ, 200ൽ പരം പ്രിന്റർ, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ ദ്രുതഗതിയിൽ സ്ഥാപിച്ചു.ഘട്ടം ഘട്ടമായി എല്ലാ ജീവനക്കാർക്കും പ്രത്യേകം ഇ ഹെൽത്ത്‌ ട്രെയിനിങ് നൽകി. ഇതിന് ശേഷമാണ് ട്രയൽ റൺ നടന്നത്.

ഇൻപേഷ്യന്റ് അപ്ലിക്കേഷൻ കൂടി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നത് പരിഗണനയിലാണ്. ഇതിനായി വാർഡ്, ഐസിയു, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ കൂടി ഹാർഡ് വെയർ സ്ഥാപിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകുകയാണ്.

Similar News