അബുദാബി: യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് ഇ–സിഗ്നേച്ചർ നിർബന്ധം. സർക്കാർ സേവനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതിന് നേതൃത്വം നൽകുക.
കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ പ്രാദേശിക, ഫെഡറൽ സർക്കാർ സേവനങ്ങൾക്കെല്ലാം ഏകീകൃത തിരിച്ചറിയൽ രേഖയാണ് യുഎഇ പാസ്. യുഎഇ പാസ് മുഖേന സ്ഥിരീകരിച്ച് ഇ–സിഗ്നേച്ചർ നൽകിയാലേ അപേക്ഷ പരിഗണിക്കൂ. സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം.
പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, പേര്, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.
നടപടിക്രമങ്ങൾ
∙ യുഎഇ പാസ് ആപ് ഡൺലോഡ് ചെയ്യുക.
∙ ക്രിയേറ്റ് അക്കൗണ്ട് ഓപ്ഷനിൽ പ്രവേശിക്കുക
∙ നിയമാവലി വായിച്ച് അംഗീകരിക്കുക.
∙ എമിറേറ്റ്സ് ഐഡി സ്കാൻ ചെയ്യുക.
∙ സ്ക്രീനിൽ തെളിഞ്ഞ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
∙ മൊബൈലിലും ഇമെയിലും വന്ന വെരിഫിക്കേഷൻ കോഡ് (ഒടിപി) തെറ്റാതെ നൽകുക.
∙ നാലക്ക പിൻ നമ്പർ നൽകുക.
∙ ഫെയ്സ് വെരിഫിക്കേഷനിൽ ഫോട്ടോ എടുക്കും. തയാറായാൽ ഐ ആം റെഡി ഓപ്ഷനിൽ ക്ലിക് ചെയ്യണം.
∙ മുഖം വ്യക്തമായി കാണുംവിധം ഫോണിന് അഭിമുഖമായി നിൽക്കുക.
∙ വൃത്തത്തിൽ മുഖം വ്യക്തമായി തെളിയുംവിധം നിർദേശം അനുസരിച്ച് ഫോൺ അടുത്തേക്കു പിടിച്ചാൽ ഫോട്ടോ എടുക്കും.
∙പാസ് വേർഡ് ടൈപ്പ് ചെയ്യുക. (വലിയ അക്ഷരം, ചെറിയ അക്ഷരം, അക്കം, ചിഹ്നം എന്നിവ അടങ്ങിയ പാസ് വേർഡ് 6 അക്ഷരത്തിൽ കുറയരുത്.)
∙ ശേഷം ഏറ്റവും അടുത്തുള്ള കിയോക്സിൽ പോയി വിരലടയാളം നൽകുന്നതോടെ റജിസ്ട്രേഷൻ പൂർണമാകും.