മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥ് അന്തരിച്ചു
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സോമനാഥ്.
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥ്(58)അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായിരുന്നു. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍. കഴിഞ്ഞ ദിവസം വീടിന്റെ സ്‌റ്റെയറില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. എങ്കിലും അത് സാരമാക്കിയിരുന്നില്ല. എന്നാല്‍ അടുത്ത് ദിവസം പുലര്‍ച്ചെ ഓര്‍മ നഷ്ടപ്പെടുകയായിരുന്നു. ഉടനെ അനന്തപുരി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പൂജപ്പുര പ്രശാന്ത് നഗറിലായിരുന്നു താമസം.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയില്‍ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരിക്കുമ്പോഴും ലാളിത്യമാര്‍ന്ന ഇടപെടലുകള്‍ വഴി 'സോമേട്ടന്‍' എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും ഇ സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്.
'ആഴ്ചക്കുറിപ്പുകള്‍' എന്ന പേരില്‍ മലയാള മനോരമ എഡിറ്റോറിയല്‍ പേജില്‍ സോമനാഥ് ദീര്‍ഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങള്‍ കേരളമാകെ ചര്‍ച്ച ചെയ്തവയാണ്. വിപുലമായ വായന ആ എഴുത്തിന് ഉള്‍ക്കാമ്പു നല്‍കി. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങള്‍ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യശരങ്ങള്‍ കൊണ്ടും വേറിട്ടുനിന്നു. വിമര്‍ശനാത്മകമായി ആണെങ്കില്‍ പോലും അതില്‍ പേരു പരാമര്‍ശിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത നിയമസഭാംഗങ്ങള്‍ കുറവായിരുന്നു. മുപ്പതുവര്‍ഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.
നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂര്‍വത കണക്കിലെടുത്ത് സാമാജികര്‍ക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമില്‍ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎല്‍എമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതില്‍ ആദരിച്ചത്. സഭാ റിപ്പോര്‍ട്ടിങ്ങിനായി എത്തുന്ന യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടാന്‍ വലുപ്പചെറുപ്പമില്ലാതെ ഇടപെടാനാകുന്ന വ്യക്തിത്വം കൂടിയായിരുന്നു സോമനാഥ്. 34 വര്‍ഷം മലയാള മനോരമയില്‍ സേവനമനുഷ്ഠിച്ച ഇ സോമനാഥ് ഇക്കാലയളവില്‍ കോട്ടയം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, ഡല്‍ഹി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു.
തികഞ്ഞ പ്രകൃതിസ്‌നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകള്‍ കേരളത്തില്‍ കുറവാണ്. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃത്ത്‌വലയത്തില്‍ ഉള്‍പ്പെട്ടു. പ്രകൃതിസ്‌നേഹത്തിന്റെ നിറവുള്‍ക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളില്‍ ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു. വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹം സൂക്ഷിച്ചു.
വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സിഎം ഗോപാലന്‍ നായരുടെയും ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ ദേവകിയമ്മയുടെയും മകന്‍. സഹോദരങ്ങള്‍: പ്രേമകുമാരി (റിട്ട. അധ്യാപിക, മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍വകലാശാല കാംപസ്), വേലായുധന്‍കുട്ടി (റിട്ട. അധ്യാപകന്‍, സി.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസര്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അധ്യാപിക, നേറ്റീവ് എയുപി സ്‌കൂള്‍), ബാലസുബ്രഹ്മണ്യം.