മോദി ചിത്രങ്ങള്‍ ഇനി വേണ്ട; റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തിര.കമ്മീഷന്റെ നോട്ടീസ്

മന്ത്രാലയങ്ങള്‍ക്കയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2019-03-27 15:55 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ റെയില്‍വേ ടിക്കറ്റുകളിലും എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു മന്ത്രാലയങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസയച്ചു. മന്ത്രാലയങ്ങള്‍ക്കയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മോദി ചിത്രം റെയില്‍വേ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.ടിക്കറ്റുകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കണമെന്നും തൃണമൂല്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതേരീതിയില്‍ റെയില്‍വേ അച്ചടിച്ചെങ്കിലും ടിക്കറ്റുകള്‍ പിന്‍വലിച്ചു. വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡിങ് പാസ് നേരത്തെ പിന്‍വലിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസ് പരാതിയില്‍ നരേന്ദ്രമോദിയുടെ ചിത്രമുള്ള ഹോര്‍ഡിങുകള്‍, പോസ്റ്റര്‍ എന്നിവ പെട്രോള്‍ പമ്പുകളില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നീക്കം ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്രമോദി' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ നടപടി.

മാര്‍ച്ച് പത്തിന് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.


Tags:    

Similar News