ഈദുല്‍ഫിത്വര്‍ മാംസവിതരണം വളണ്ടിയര്‍മാര്‍ വഴി; ആശയക്കുഴപ്പം സൃഷ്ടിച്ച് വയനാട് ജില്ലാ കലക്ടറുടെ മാര്‍ഗനിര്‍ദേശം
ഉത്തരവ് മാംസ വില്‍പന കടകളെ ഉദ്ദേശിച്ചല്ല. വ്യക്തികള്‍, സംഘങ്ങള്‍ അറവ് നടത്തുന്നതുമായി ബന്ധപ്പെട്ടാണെന്ന് പിന്നീട് വിശദീകരണം
കല്‍പറ്റ: ഈദുല്‍ ഫിത്ര്വര്‍ പ്രമാണിച്ച് ഉരുക്കളുടെ അറവ് നടത്തുന്നതിനും മാംസം വിതരണം ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കടകളില്‍ നിന്ന് നേരിട്ട് മാംസം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍, കലക്ടറുടെ ഉത്തരവ് മാംസ വില്‍പന കടകളെ ഉദ്ദേശിച്ചല്ലെന്നും വ്യക്തികള്‍, സംഘങ്ങള്‍ അറവ് നടത്തുന്നതുമായി ബന്ധപ്പെട്ടാണെന്നും ഔദ്യോഗിക പത്രക്കുറിപ്പില്‍ പിന്നീട് വിശദീകരണം വന്നു.
അറവ് നടത്തുന്നവര്‍, എവിടെ വച്ചാണ് ഉരുക്കളെ അറക്കുന്നതെന്നുള്ള വിവരം ബന്ധപ്പെട്ട പൊലിസ് സ്റ്റേഷന്‍ ഹൌസ് ഓഫിസറെ അറിയിക്കണം. അറവ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കേണ്ടതും, വാര്‍ഡ് മെമ്പര്‍ തങ്ങളുടെ പരിധിയിലുള്ള ആളുകള്‍ക്ക് വിവരം കൈമാറേണ്ടതുമാണ്.
വളണ്ടിയര്‍മാരെ ഉപയോഗിച്ചു മാത്രമേ മാംസം വിതരണം ചെയ്യാന്‍ പാടുള്ളു.
ഉരുക്കളെ അറക്കുന്നവരും, മാംസം വിതരണം ചെയ്യുന്ന വളണ്ടിയര്‍മാരും ബന്ധപ്പെട്ട പൊലിസ് സ്റ്റേഷന്‍ ഹൌസ് ഓഫിസറില്‍ നിന്നും ഏകദിന യാത്രാ പാസ് വാങ്ങേണ്ടതാണ്. ഒരു അറവ് കേന്ദ്രത്തില്‍ പരമാവധി 5 വളണ്ടിയര്‍മാരെ മാത്രമേ അനുവദിക്കു.
പാസ് ഇല്ലാതെ അറവ് നടത്തുകയോ, വിതരണം ചെയ്യുകയോ, നേരിട്ട് അറവ് കേന്ദ്രങ്ങളിലെത്തി മാംസം വാങ്ങുകയോ ചെയ്യാന്‍ പാടില്ല.
ഈദുല്‍ഫിത്വര്‍ ദിനത്തില്‍ രാവിലെ 11 മണിക്ക് ശേഷം മാംസ വിതരണം അനുവദിക്കുന്നതല്ല.
പൊലിസ് ഹൌസ് സ്റ്റേഷന്‍ ഓഫിസര്‍മാര്‍ ഇത്തരത്തില്‍ നല്‍കിയ പാസുകളുടെ ക്രോഡീകരിച്ച വിവരങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ കണ്‍ട്രോള്‍ റൂമുകളിലേക്ക് നല്‍കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.