ഈദ്ഗാഹ് മസ്ജിദ്: ഹിന്ദു മഹാസഭയുടെ അതിക്രമത്തിന് പ്രചോദനം ബാബരി കേസിലെ അന്യായവിധി

Update: 2021-11-29 09:21 GMT

പി സി അബ്ദുല്ല 

കോഴിക്കോട്: 'യേ തോ സിര്‍ഫ് ജംഗി ഹെ, അബ് കാശി, മഥുര ബാക്കി ഹേ' (ഇതൊരു സൂചന മാത്രമാണ്, കാശിയും മഥുരയും ബാക്കിയുണ്ട്) - 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം ആയിരക്കണക്കിന് കര്‍സേവകര്‍ ബാബരിയുടെ മണ്ണില്‍ ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യമാണിത്. ബാബരിക്കു പിന്നാലെ മഥുര ഷാഹി മസ്ജിദിന് ചുറ്റും ഹിന്ദുത്വ ഭീകരാതിക്രമത്തിന് കളമൊരുങ്ങുമ്പോള്‍ നീതി നിഷേധത്തിന്റെ ചരിത്രം ദുരന്തമായി തന്നെയാണ് ആവര്‍ത്തിക്കുന്നത്.

മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന പ്രകോപന നീക്കവുമായി അഖില ഭാരത് ഹിന്ദു മഹാസഭ മുന്നേറുകയാണ്. പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹില്‍ മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്രം ഘട്ടില്‍ നിന്ന് ശ്രീകൃഷ്ണ ജന്മസ്ഥാനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേനയും പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മഥുര ജില്ലാ ഭരണകൂടം സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണം എന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കഴിഞ്ഞ വര്‍ഷം മഥുര സിവില്‍ കോടതി തള്ളിയതിനു പിന്നാലെയാണ് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണിയുമായി ഹിന്ദു മഹാസഭ കൂടുതല്‍ ശക്തമായി രംഗത്തു വന്നിരിക്കുന്നത്.

മഥുര ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രത്തോട് ചേര്‍ന്നാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളി ക്ഷേത്രത്തിന്റെ സഥലത്താണ് ഉള്ളതെന്നും അത് പൊളിച്ച് നീക്കണമെന്നുമായിരുന്നു ഹരജി.

1947ന് ശേഷം നിലനിന്ന എല്ലാ ആരാധനാലയങ്ങളും തദ്സ്ഥിതിയില്‍ തുടരുമെന്ന് വ്യക്തമാക്കിയാണ് പള്ളി പൊളിക്കണമെന്ന ഹരജി മഥുര കോടതി തള്ളിയത്.

എന്നാല്‍, നിയമ വ്യവസ്ഥകള്‍ മറികടന്ന് പള്ളി കൈയേറി വിഗ്രഹം സ്ഥാപിക്കാന്‍ തന്നെയാണ് ഹിന്ദു മഹാ സഭയുടെ പുറപ്പാട്. വിഗ്രഹം സ്ഥാപിക്കപ്പെടുന്നതോടെ ബാബരി മാതൃകയില്‍ ഈദ്ഗാഹ് പള്ളിയും തര്‍ക്ക മന്ദിരമാകുമെന്നും അതുവഴി കൈയേറ്റം എളുപ്പമാവുമെന്നുമാണ് ഹിന്ദുത്വരുടെ കണക്കു കൂട്ടല്‍.

ബാബരി ഭൂമിക്കേസില്‍ രണ്ടു വര്‍ഷം മുന്‍പ് സുപ്രിംകോടതിയില്‍ നിന്നുണ്ടായ അന്യായ വിധിയാണ് തര്‍ക്ക മന്ദിരമാക്കി മഥുര പള്ളി കൈയേറാനുള്ള ഹിന്ദു സംഘടനകളുടെയും സന്ന്യാസിമാരുടെയും പ്രചോദനവും പ്രതീക്ഷയും. ജുഡീഷ്യറിയുടെയും ജനാധിപത്യത്തിന്റെയും എല്ലാ മൂല്യങ്ങളെയും ബാബരി മസ്ജിദ് എന്ന ചരിത്ര യാഥാര്‍ഥ്യത്തെയും തമസ്‌കരിച്ചാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ബാബരിയുടെ മണ്ണ് ഹിന്ദുത്വ അതിക്രമകാരികള്‍ക്കു വിട്ടു കൊടുത്തത്.

134 വര്‍ഷം നീണ്ട നിയമ വ്യവഹാരങ്ങള്‍ക്കൊടുവില്‍ ബാബരി ഭൂമി കേസിലുണ്ടായ വിധി വാസ്തവത്തില്‍ രാജ്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ ശാശ്വത സമാധാനത്തിലേക്കുള്ള തീര്‍പ്പോ ദിശാസൂചികയോ ആയിരുന്നില്ല. മറിച്ച്, രാജ്യത്തിന്റെ സാമൂഹിക സഹവര്‍ത്തിത്വത്തിനും ജനാധിപത്യത്തിനും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വിധം ഹിന്ദുത്വ രാഷ്ട്രീയ വിധ്വംസക അജണ്ടകള്‍ക്ക് കൂടുതല്‍ പ്രേരണയും പ്രചോദനവുമേകുന്ന വിധിയാണ് ബാബരി കേസില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായതെന്നതിന്റെ സാക്ഷ്യമാവുകയാണ് മഥുരയിലെ ഹിന്ദുത്വ അതിക്രമകാരികളുടെ പുതിയ നീക്കങ്ങള്‍.

മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്റെ 'യഥാര്‍ത്ഥ ജന്മസ്ഥല'മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. ബാബരിയിലെന്ന പോലെ, ഈദ് ഗാഹ് മസ്ജിദിന്‍മേലുള്ള അവകാശ വാദത്തിനും ചരിത്രപമോ വസ്തുതാപരമോ ആയ യാതൊരു പിന്‍ബലവുമില്ല. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് മഥുര ഈദ് ഗാഹ് മസ്ജിദ്.

പള്ളിപൊളിക്കണമെന്നാവശ്യപ്പെട്ട നാരായണി സേനയുടെ സെക്രട്ടറി അമിത് മിശ്രയും രംഗത്തു വന്നിരുന്നു.

Tags:    

Similar News