പാരിതോഷികങ്ങള്‍ വിറ്റഴിച്ചു; തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

Update: 2022-10-21 10:27 GMT

ഇസ് ലാമാബാദ്: തോഷഖാന കേസില്‍ പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിപി) വെള്ളിയാഴ്ച പാക്കിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അയോഗ്യനാക്കി. ഇനി അദ്ദേഹത്തിന് ദേശീയ അസംബ്ലിയിലേക്ക് മല്‍സരിക്കാനാവില്ല.

ഇമ്രാന്‍ ഖാന്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതായും അഴിമതി നടത്തിയതായും കമ്മീഷന്‍ വ്യക്തമാക്കിയതായി ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

സെപ്തംബര്‍ 19ന്, തോഷഖാന കേസ് ഹിയറിംഗില്‍, 2018-19 കാലയളവില്‍ തനിക്ക് ലഭിച്ച നാല് സമ്മാനങ്ങളെങ്കിലും തന്റെ കക്ഷി വിറ്റതായി ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ അലി സഫര്‍ സമ്മതിച്ചു.

'സമ്മാനങ്ങള് 58 മില്യണ്‍ രൂപയ്ക്ക് വിറ്റു, അവരുടെ രസീതുകള്‍ എന്റെ ക്ലയന്റ് ആദായനികുതി റിട്ടേണുകള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്'- അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു.

'തോഷഖാന'യില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയ ചില സാധനങ്ങള്‍ക്ക് മാത്രമാണ് ഖാന്‍ പണം നല്‍കിയതെന്ന പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് അദ്ദേഹം മിക്കവയും എടുത്തതെന്നും അതിന് പണം നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. കൈപ്പറ്റിയ സമ്മാനങ്ങള്‍ ഖാന്‍ വെളിപ്പെടുത്തിയില്ലെന്നും മൊഴികളിലെ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നുമാണ് കമ്മീഷനില്‍ ലഭിച്ച പരാതി.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ അവയുടെ മൂല്യം വിലയിരുത്താന്‍ ഉടനടി റിപോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അതിനുശേഷമേ സ്വീകരിക്കാനാവൂ. അത് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു നിശ്ചിത തുക നിക്ഷേപിക്കണം.

Tags:    

Similar News