വൈദ്യുതി ഭേദഗതി ബില്‍ 2021: ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ മറ്റൊരു ആണിയെന്ന് എസ്ഡിപിഐ
നിര്‍ദ്ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ വൈദ്യുതി വിതരണത്തില്‍ പ്രവേശിക്കാന്‍ കോര്‍പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന നടപടിയാണ്. ഈ ഭേദഗതികളും പുതിയ നിയമങ്ങളുമെല്ലാം സംസ്ഥാനങ്ങളും ഗുണഭോക്താക്കളുമായി കൂടിയാലോചിക്കാതെയാണ് നടപ്പിലാക്കുന്നത്. ഇത് ഫെഡറസലിസത്തിന് എതിരാണ്.
ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ 2021 ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ മറ്റൊരു ആണിയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. ഭേദഗതി പൂര്‍ണമായും ജനവിരുദ്ധവും ഭരണകക്ഷിയുടെ മൂലധന ചങ്ങാതിമാര്‍ക്ക് രാജ്യം വില്‍ക്കുന്നതിന്റെ ഭാഗവുമാണ്. വൈദ്യുതി ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാണ്. അതിനാല്‍ സംസ്ഥാനങ്ങളുടെ ശരിയായ കൂടിയാലോചനയും പങ്കാളിത്തവും ഇല്ലാതെയുള്ള ഭേദഗതി സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശത്തിന്മേലുള്ള കടന്നാക്രമണമാണ്. എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ രണ്ടാം ടേമില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസൃതമായ പുതിയ നിയമങ്ങളും നയങ്ങളും രാജ്യത്ത് കൊണ്ടുവരുന്നതിനും കോര്‍പറേറ്റ് ചങ്ങാതിമാര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റിയെഴുതുന്നിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നു. കര്‍ഷക നിയമങ്ങള്‍ കര്‍ഷക വിരുദ്ധവും മൂലധന ശക്തികള്‍ക്ക് നേട്ടമുണ്ടാക്കുന്നതുമാണ്.
വ്യവസായ ഭീമന്മാരെ സഹായിക്കുന്നതിനുവേണ്ടി തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിച്ച് തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു. നിര്‍ദ്ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ വൈദ്യുതി വിതരണത്തില്‍ പ്രവേശിക്കാന്‍ കോര്‍പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന ഒരു നടപടി കൂടിയാണ്. ഈ ഭേദഗതികളും പുതിയ നിയമങ്ങളുമെല്ലാം സംസ്ഥാനങ്ങളും ഗുണഭോക്താക്കളുമായി കൂടിയാലോചിക്കാതെയും തികച്ചും സ്വേച്ഛാധിപത്യപരവും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് എതിരുമാണ്.
വൈദ്യുതി വിതരണം ഡിലൈസന്‍സ് ചെയ്യാന്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും നിലവില്‍ വൈദ്യുതി വിതരണം നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിതരണ കമ്പനികളാണ്. ഇതിനകം നഷ്ടവും കടവും കൊണ്ട് ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിതരണക്കാരെ നിഷ്‌ക്രിയമാക്കി വിതരണ മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ പ്രവേശനം സുഗമമാക്കാന്‍ ഈ ഭേദഗതി ഇടയാക്കും. സ്വകാര്യ കമ്പനികള്‍ ലാഭമുണ്ടാക്കുന്ന വാണിജ്യ, വ്യവസായ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കാനും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മറ്റു പോംവഴിയില്ലാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിതരണക്കാരുടെ സേവനം വിടേണ്ടിവരും. ക്രോസ് സബ്‌സിഡിയിലൂടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ആസ്വദിക്കുന്നത് അവസാനിക്കും. പുതിയ സ്വകാര്യ വിതരണക്കാര്‍ ഈടാക്കുന്ന വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ നല്‍കുന്ന അതേ നിരക്കുകള്‍ നല്‍കാന്‍ ഗാര്‍ഹിക ഉപഭോക്താക്കളും നിര്‍ബന്ധിതരാകും.
വൈദ്യുതി ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ദോഷകരമായതിനാല്‍ എസ്ഡിപിഐ അതിനെ ശക്തമായി എതിര്‍ക്കുന്നതായും ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും അബ്ദുല്‍ മജീദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.