സുരക്ഷാ സംവിധാനങ്ങളിലെ അപാകത;കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയിലെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം
തിരിച്ചറിയല്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മാത്രം തുറക്കുന്ന വാതിലുകള്‍ സ്ഥാപിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ആശുപത്രിയില്‍ വാര്‍ഡുകളിലേക്ക് കയറാനും ഇറങ്ങാനും ഓരോ വാതിലുകള്‍ മാത്രമാക്കും. ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നവീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളില്‍ വലിയ അപാകതകള്‍ കണ്ടെത്തിയിരുന്നു. 40 സുരക്ഷാ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിലുള്ളത്. പ്രധാന കവാടങ്ങളില്‍ സിസിടിവിയില്ല. ആശുപത്രിക്ക് പുറത്തും അകത്തുമായുള്ള കാമറകളില്‍ പ്രവര്‍ത്തിക്കുന്നത് എഴുപത് ശതമാനം മാത്രമാണ്. ആശുപത്രി പരിസരത്തുള്ള കാമറകളില്‍ മിക്കവയും പ്രവര്‍ത്തിക്കുന്നുമില്ല. ഇതെല്ലാം കൊണ്ട് തന്നെ ക്രിമിനലുകള്‍ ആശുപത്രി പരിസരത്തെ താവളമാക്കുന്നു എന്നും പരാതി ഉയരുന്നുണ്ട്.ആറ് മാസത്തിനകം ഇരുപതിലധികം ക്രിമിനല്‍ കേസ് പ്രതികളെ പോലിസ് പിടികൂടി. കൂടുതലും മൊബൈല്‍ ഫോണും ബൈക്ക് മോഷ്ടിച്ച സംഭവങ്ങളാണ്.
സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫിസറുടെ മൂന്ന് തസ്തികയില്‍ രണ്ടെണ്ണവും ഒഴിഞ്ഞ് കിടക്കുകയാണ്. നിലവില്‍ 60 ശതമാനം സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്.പല കവാടങ്ങളിലും ഒരു സമയം ജോലിയില്‍ ഉണ്ടാകുന്നത് ഒരാള്‍ മാത്രമാണ്. സുരക്ഷാ ജീവനക്കാരെ എടുക്കാന്‍ തീരുമാനിച്ചെങ്കിലും തുച്ഛമായ വരുമാനം കാരണം ആരും എത്തുന്നില്ല.