കാട്ടാന ആക്രമണത്തില്‍ മരണം: കോതമംഗലത്ത് മൃതദേഹവുമായി നടുറോഡില്‍ വന്‍ പ്രതിഷേധം; സംഘര്‍ഷാവസ്ഥ
കൊച്ചി: കാട്ടാന ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡില്‍ പ്രതിഷേധം തുടരുകയാണ്. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തില്‍ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നാണ് ആവസ്യം. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്ഥലത്ത് വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ട്. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കായി പോലിസ് എത്തിയപ്പോള്‍ തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.