പോലിസ് തേര്‍വാഴ്ച അവസാനിപ്പിക്കുക; എസ്ഡിപിഐ പാലക്കാട് എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Update: 2022-05-31 15:09 GMT

പാലക്കാട്: നിരപരാധികളെ അന്യായമായി ദിവസങ്ങളോളം കസ്റ്റഡിയില്‍ പീഡിപ്പിക്കുന്ന പാലക്കാട് പോലിസിന്റെ തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. നിരപരാധികളെ അന്യായമായി അറസ്റ്റുചെയ്ത് പീഡിപ്പിക്കുന്ന പാലക്കാട് പോലിസ് നടപടി അവസാനിപ്പിക്കുക, സുബൈര്‍ വധക്കേസില്‍ ആര്‍എസ്എസ്സും പോലിസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, സുബൈര്‍ വധക്കേസില്‍ വാഹനവും, ആയുധവും കൊടുത്ത പ്രതികളെ അറസ്റ്റ് ചെയ്യുക, എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ്സുകാരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 സിപിഎം ഭരിക്കുന്ന കേരള പോലിസിനെ നിയന്ത്രിക്കുന്നത് യോഗി പോലിസാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ആര്‍എസ്എസ്സിന്റെ തിട്ടൂരത്തിന് വഴങ്ങി പാര്‍ട്ടി പ്രവര്‍ത്തകെരയും പൊതുസമൂഹത്തേയും പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ പോലിസിനെ ആര്‍എസ്എസ്സുകാരായി മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. സംഘപരിവാര ബന്ധമുള്ള പോലിസുകാരെ വകുപ്പില്‍ നിന്നും ഒഴിവാക്കാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. പോലിസിന്റ വേട്ട കൊണ്ട് ഒരു പ്രവര്‍ത്തകനെയും പിന്നോട്ടടിക്കാന്‍ കഴിയില്ല.


 എസ്ഡിപിഐക്കെതിരേ കാംപയിന്‍ നടത്തലല്ല പോലിസിന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ 11ന് ശകുന്തള ജങ്ഷനില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബങ്ങളും കുട്ടികളും അനഭാവികളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരുമായി തുടങ്ങിയ മാര്‍ച്ച് എസ്പി ഓഫിസിന് സമീപം ബാരിക്കേട് തീര്‍ത്ത് പോലിസ് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസ്ഥാന സമിതിയംഗം എസ്പി അമീറലി, ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, പാലക്കാട് മണ്ഡലം പ്രസിഡന്റ് ഇല്യാസ് പാലക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ മേരി എബ്രഹാം, സുലൈഖ റഷീദ്, ജില്ലാ സെക്രട്ടറി അഷിദാ നജീബ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News