വാളയാര്‍ പീഡനക്കേസില്‍ ഒന്നാം പ്രതി സര്‍ക്കാര്‍: എം കെ മനോജ് കുമാര്‍ (വീഡിയോ)
നിരന്തരമായ ലൈംഗികപീഡനത്തിന് കുട്ടികള്‍ ഇരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഗൗരവത്തിലെടുക്കാന്‍ പോലിസ് തയ്യാറായില്ല. 1989ലെ പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും പാലിച്ചിട്ടില്ലെന്നാണ് വാര്‍ത്തകളില്‍നിന്നും ബോധ്യപ്പെടുന്നത്.
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരണപ്പെട്ട കേസില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷന്‍ എം കെ മനോജ് കുമാര്‍. പ്രതികള്‍ക്കുവേണ്ടി ഹാജരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ രാജിവയ്ക്കുക, കേസ് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്യമായ തെളിവുകള്‍ ലഭ്യമായിരുന്നിട്ടുപോലും വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ തയ്യാറാവാതെ പോലിസ് തന്നെ കേസ് ആത്മഹത്യയാക്കി ചിത്രീകരിച്ചു.
നിരന്തരമായ ലൈംഗികപീഡനത്തിന് കുട്ടികള്‍ ഇരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഗൗരവത്തിലെടുക്കാന്‍ പോലിസ് തയ്യാറായില്ല. 1989ലെ പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും പാലിച്ചിട്ടില്ലെന്നാണ് വാര്‍ത്തകളില്‍നിന്നും ബോധ്യപ്പെടുന്നത്. കേസ് അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥരും പ്രതിസ്ഥാനത്താണ്. അവര്‍ നിയമപ്രകാരം ശിക്ഷയ്ക്ക് വിധേയരാവേണ്ടവരാണ്. കുറ്റവാളികളുടെ ഉന്നതരാഷ്ട്രീയബന്ധങ്ങള്‍ അന്വേഷണത്തെ ഗൗരവമായി സ്വാധീനിച്ചിട്ടുണ്ട്. ജാതിയും പണവും നിസ്സഹായതകളും പോലിസ് നടപടിക്രമങ്ങളെ നിയമവിരുദ്ധമാക്കിയിട്ടുണ്ട്.
ഭരണഘടനാപരമായ നീതി പോലും നിഷേധിക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും എസ്എസി, എസ്ടി പീഡനനിരോധന നിയമപ്രകാരം അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി സംസാരിച്ചു.
എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ വൈസ് പ്രസിഡന്റ് എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി സഹീര്‍ ബാബു, ജില്ലാ ട്രഷറര്‍ മജീദ് ഷൊര്‍ണൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.