കണ്ണൂര്‍: വടക്കെ മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്‌ലിം വനിത മാളിയേക്കല്‍ മറിയുമ്മ (97) എന്ന ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മാളിയേക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം രാത്രി ചിറക്കര അയ്യലത്ത് മസ്ജിദില്‍ മയ്യിത്ത് ഖബറടക്കി. മാളിയേക്കല്‍ തറവാട്ടിലെ തലമുതിര്‍ന്ന അംഗമാണ്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം. മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന 1938-43 കാലത്താണ് തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് മറിയുമ്മ ഇംഗ്ലീഷ് പഠിച്ചത്. കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു മറിയുമ്മ.
മതപണ്ഡിതനായ ബാപ്പ ഒവി അബ്ദുല്ലയായിരുന്നു മറിയമ്മയുടെ ശക്തി. സമുദായത്തില്‍നിന്ന് വലിയ എതിര്‍പ്പ് നേരിട്ടപ്പോഴും മറിയുമ്മയെയും സഹോദരങ്ങളെയും അബ്ദുല്ല വിദ്യാഭ്യാസം ചെയ്യിച്ചു. സ്വാതന്ത്ര്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ചരിത്രത്തിന്റെ ഭാഗമാവാന്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിണ് ഇന്നത്തെ പത്താം ക്ലാസിനു തുല്ല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. ദി ഹിന്ദു പത്രം വായിച്ച് ദിവസം തുടങ്ങുന്നതായിരുന്നു മറിയുമ്മയുടെ ശീലം. ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ 1943 ല്‍ ആയിരുന്നു വിവാഹം.
വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. സ്ത്രീകള്‍ക്കുവേണ്ടി തയ്യല്‍ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തി. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റി (എംഇഎസ്) യോഗത്തില്‍ ഷെയ്ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തില്‍ മറിയുമ്മ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. തലശ്ശേരി കലാപകാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് മാളിയേക്കലില്‍ അഭയം നല്‍കാന്‍ മുന്‍കൈയെടുത്തു.
അസുഖബാധിതയാകുംവരെ 'ഹിന്ദു' പത്രവായന ജീവിതത്തിന്റെ ഭാഗമായിരുന്നു. 1957ലെ തെരഞ്ഞെടുപ്പില്‍ വി.ആര്‍ കൃഷ്ണയ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഒ വി അബ്ദുല്ല സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ വി ആര്‍ മാഹിനലി (റിട്ട.മിലിറ്ററി റിക്രൂട്ട്‌മെന്റ് ഓഫിസര്‍). മക്കള്‍: മാളിയേക്കല്‍ ആയിഷ, അബ്ദുല്ല (അബ്ബാസ് , ബിസിനസ്), പരേതരായ മഷൂദ്, സാറ. മരുമക്കള്‍: മമ്മൂട്ടി (പെരുമ്പാവൂര്‍), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ കെ ഖാദര്‍ (പാനൂര്‍). സഹോദരങ്ങള്‍: പരേതരായ കുട്ട്യാമു, നഫീസ, മഹമൂദ്, മാഹിനലി.