ഇപി ജയരാജന്‍ സംഘടന തലപ്പത്തേക്ക്; അഞ്ച് മന്ത്രിമാര്‍ മല്‍സരത്തിനുണ്ടാവില്ലെന്ന് സിപിഎം
ഇപി ജയരാജന്‍, എകെ ബാലന്‍, സി രവീന്ദ്രനാഥ്, ടിഎം തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മല്‍സരിക്കേണ്ടതില്ല എന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം.
തിരുവനന്തപുരം: രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതോടെ അഞ്ച് മന്ത്രിമാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടിവരും. ഇപി ജയരാജന്‍, എകെ ബാലന്‍, സി രവീന്ദ്രനാഥ്, ടിഎം തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മല്‍സരിക്കേണ്ടതില്ല എന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം.
ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മല്‍സരിക്കേണ്ടതില്ല. ഇപി മല്‍സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ടേം വ്യവസ്ഥ ചിലര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയല്ല. വ്യവസ്ഥ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. രണ്ട് ടേം പൂര്‍ത്തിയാക്കിയവരെ മല്‍സര രംഗത്ത് നിന്ന് മാറ്റുകയാണെങ്കില്‍ പതിനഞ്ചോളം സിറ്റിങ് എംഎല്‍എമാര്‍ക്ക് മാറി നില്‍ക്കേണ്ടിവരും. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ജില്ലാ കമ്മിറ്റികള്‍ കൈമാറിയ സാധ്യത പട്ടികയില്‍മേല്‍ അന്തിമ തീരുമാനമുണ്ടാവും.
ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി പുറത്തുവരുന്നത്, ഇപി ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നു എന്നാണ്.