തലകുനിക്കുമെന്ന് പ്രതീക്ഷിച്ചവരെ തുര്‍ക്കി നിരാശരാക്കിയെന്ന് ഉര്‍ദുഗാന്‍
ഇസ്താംബൂള്‍: മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളിലും വിഭവങ്ങളിലും താല്‍പ്പര്യമില്ലാത്ത രാജ്യമെന്ന നിലയില്‍ തുര്‍ക്കി മറ്റ് രാജ്യങ്ങളെ സ്വന്തം രാജ്യത്ത് ഇടപെടാനും അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. മറ്റുള്ളവര്‍ക്കു മുന്നില്‍ തുര്‍ക്കി തലകുനിക്കുമെന്ന് കരുതിയവരെ രാജ്യം നിരാശരാക്കിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
''മറ്റുരാജ്യങ്ങളുടെ വിഭവങ്ങളിലും നിയമത്തിലും ഭൂഭാഗത്തിലും കടലിലും ഒന്നും ഞങ്ങള്‍ക്ക് താല്‍പ്പര്യങ്ങളില്ല. അതുപോലെത്തന്നെ മറ്റുള്ളവരെ ഞങ്ങളുടെ വിഭവങ്ങളിലും നിയമങ്ങളിലും താല്‍പര്യങ്ങളിലും ഇടപെടാന്‍ അനുവദിക്കുകയുമില്ല''- അമസ്യ ബെല്‍ട്ട്‌വെയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
തുര്‍ക്കി രാജ്യത്തിന്റെയും സൗഹൃദരാജ്യങ്ങളുടെയും ഭൂമിയും നിയമവും അവകാശങ്ങളും സംരക്ഷിക്കും. തലതാഴ്ത്തുമെന്ന് പ്രതീക്ഷിച്ചവരെ തുര്‍ക്കി നിരാശരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലോ ലിബിയയിലോ ഇറാക്കിലോ എവിടെയാണെങ്കിലും ആക്രമിക്കപ്പെട്ടാല്‍ തുര്‍ക്കി സ്വന്തം ശക്തി പ്രകടിപ്പിക്കും. വിവിധ രംഗങ്ങളില്‍ തുര്‍ക്കിയുടെ കഴിവ് കണ്ടറിഞ്ഞവരാണ് രാജ്യത്തെ അവമതിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.