പയ്യന്നൂരില്‍ ഗാന്ധി സ്മൃതി മ്യൂസിയം സ്ഥാപിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

1934ല്‍ ഗാന്ധിജി, സ്വാമി ആനന്ദതീര്‍ത്ഥയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു.

Update: 2020-03-19 11:14 GMT

ന്യൂഡല്‍ഹി: പയ്യന്നൂരില്‍ ഗാന്ധിസ്മൃതി മ്യൂസിയം സ്ഥാപിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ലോക്‌സഭയില്‍. ചരിത്രത്തില്‍ ഗാന്ധിജിയുടെ സ്ഥാനം ബുദ്ധനും യേശുക്രിസ്തുവും ഒപ്പം ആണെന്നുള്ള മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഗാന്ധിജിയുമായി ബന്ധപ്പെട്ട പയ്യന്നൂരില്‍ ഒരു സ്മാരകം സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1934ല്‍ ഗാന്ധിജി സ്വാമി ആനന്ദതീര്‍ത്ഥയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അവസാനത്തെ ശിഷ്യനും സാമൂഹിക അനീതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവുമായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍. മഹാത്മാഗാന്ധി ഒരു ദിവസം മുഴുവന്‍ ആശ്രമത്തില്‍ ചെലവിടുകയും ഒരു മാവിന്‍തൈ അവിടെ നടുകയുമുണ്ടായി. ഗാന്ധിജിയുടെ ചിതാഭസ്മം ഇന്നും ആശ്രമത്തില്‍ സൂക്ഷിക്കുന്നുണ്ട്.

കേന്ദ്ര സാംസ്‌കാരിക വകുപ്പ് 2006ല്‍ ഗാന്ധി ഹെറിറ്റേജ് സൈറ്റ് പാനല്‍ രൂപീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗാന്ധിജിയുമായി ബന്ധപ്പെട്ട 39 മുഖ്യ പ്രദേശങ്ങളും രണ്ടായിരത്തോളം മറ്റു പ്രദേശങ്ങളും കണ്ടെത്തുകയുണ്ടായി. ഈ പാനലിന്റെ ശുപാര്‍ശ പ്രകാരം ഗാന്ധി ഹെറിറ്റേജ് സൈറ്റ് മിഷന്‍ 2013ല്‍ സ്ഥാപിച്ചു. ഈ പദ്ധതിക്കു കീഴില്‍ പയ്യന്നൂരില്‍ ഗാന്ധിസ്മൃതി മ്യൂസിയം സ്ഥാപിക്കേണ്ടതാണെന്ന് എംപി ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ 4.45 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട് ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തില്‍ ഈ മ്യൂസിയം സ്ഥാപിക്കുന്നത് ഗാന്ധിജിക്കും പയ്യന്നൂരിനും ആര്‍ഹിക്കുന്ന ഒരു ബഹുമതി ആയിരിക്കും എന്നും എംപി ലോക്‌സഭയില്‍ സൂചിപ്പിച്ചു. 

Tags:    

Similar News