പ്രവാസി പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആത്മാര്‍ത്ഥയില്ല, മുഖ്യമന്ത്രിയുടേത് അറിയിപ്പുകാരന്റെ ജോലിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി
ലോകത്തിലെ പല രാജ്യങ്ങളും അവരുടെ നാട്ടുകാരെ ദ്രുത ഗതിയില്‍ സ്വദേശത്തെത്തിക്കുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്കായി കുറെ പ്രസ്താവനകള്‍ നടത്തുന്നു എന്നല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കാര്യമായ ഒരു ഇടപെടലുകളും നടത്തിയിട്ടില്ല
മലപ്പുറം: പ്രവാസികളുടെ പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അധര വ്യായാമം നടത്തുകയല്ലാതെ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഭയാനകമായ റിപ്പോര്‍ട്ടുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അവിടെ സൗകര്യങ്ങള്‍ എത്ര വര്‍ധിപ്പിച്ചിട്ടും രോഗികളെ ഉള്‍ക്കൊള്ളാനാവുന്നില്ല. ക്വാറന്റൈന്‍ സൗകര്യങ്ങളും ഇല്ലാതായി കൊണ്ടിരിക്കുന്നു. ശ്വാസം മുട്ടലനുഭവിച്ച വ്യക്തികള്‍ പോലും ഡോക്ടര്‍മാരുടെ സേവനം കിട്ടാത്തത് കൊണ്ട് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അവിടുത്തെ സര്‍ക്കാറുകള്‍ പരമാവധി ചെയ്യുന്നുണ്ട്. ലോകത്തിലെ പല രാജ്യങ്ങളും അവരുടെ നാട്ടുകാരെ ദ്രുത ഗതിയില്‍ സ്വദേശത്തെത്തിക്കുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്കായി കുറെ പ്രസ്താവനകള്‍ നടത്തുന്നു എന്നല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കാര്യമായ ഒരു ഇടപെടലുകളും നടത്തിയിട്ടില്ല. ഇതൊരു ജീവന്‍ മരണ പ്രശ്‌നമാണ്. വളരെ പെട്ടന്ന് ഇടപെട്ടില്ലെങ്കില്‍ ഒട്ടനവധി ഇന്ത്യക്കാരുടെ ജീവന്‍ അപകടത്തിലാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയണം.
സംസ്ഥാന സര്‍ക്കാര്‍ ആവട്ടെ വെറും അധരവ്യായാമം നടത്തി ദിവസങ്ങള്‍ നീക്കുന്നു. ദിനേനെ പറയുന്ന വാക്കുകള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥതയുടെ തരിമ്പ് പോലും കാണിക്കുന്നില്ല. സന്ധ്യ വാര്‍ത്തകളില്‍ ഒരു അറിയിപ്പുകാരന്റെ ജോലി മാത്രമല്ല ഒരു മുഖ്യ മന്ത്രിക്കും സംസ്ഥാന ഭരണകൂടത്തിനും നിര്‍വഹിക്കാനുള്ളത് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കാന്‍ ഈ വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇ ടി ആവശ്യപ്പെട്ടു.
പ്രവാസി വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നു ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്തയച്ചു. ഈ വിഷയത്തില്‍ നേരത്തെയും വിവിധ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ഇ. ടി നല്‍കിയിരുന്നു.