വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരായ യുഎപിഎ: ബിജെപി വര്‍ഗീയതയുടെ പൈശാചികതക്ക് മൂര്‍ച്ചകൂട്ടുന്നു- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോഓര്‍ഡിനേറ്റര്‍ സഫൂര്‍ സര്‍ഗര്‍, ജാമിഅ വിദ്യാര്‍ത്ഥി മീരാന്‍ ഹൈദര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്ക് നേരെ യുഎപിഎ ചുമത്തിയിരിക്കുകയാണിപ്പോള്‍.

Update: 2020-04-23 13:01 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ ദുരിതത്തില്‍ ലോകമാകെ നെടുവീര്‍പ്പിടുമ്പോഴും വര്‍ഗീയതയുടെ പൈശാചികതക്ക് മൂര്‍ച്ചകൂട്ടുകയാണ് ബിജെപിയെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഡല്‍ഹിയിലെ മനുഷ്യക്കുരുതിയുടെ രക്തദാഹം മാറാത്ത ബിജെപി, ഇപ്പോള്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കു നേരെ യുഎപിഎ ചുമത്തിയത് ഇതിന്റെ ഭാഗമാണ്. ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോഓര്‍ഡിനേറ്റര്‍ സഫൂര്‍ സര്‍ഗര്‍, ജാമിഅ വിദ്യാര്‍ത്ഥി മീരാന്‍ ഹൈദര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്ക് നേരെ യുഎപിഎ ചുമത്തിയിരിക്കുകയാണിപ്പോള്‍.

ഇതില്‍ ഏറ്റവും വിചിത്രമായ കാര്യം ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ നേരത്തെ ഇവരുടെ മേലില്‍ ചുമത്തിയിരുന്നു. അത് യാതൊരു അടിസ്ഥാനവുമില്ലാതെ ക്ഷുഭിത യൗവ്വനത്തെ ഇടിച്ചു നിരത്താന്‍ ഉദ്ദേശിച്ചു കൊണ്ടായിരുന്നു എന്നെല്ലാവര്‍ക്കുമറിയാം. ഇതിനു പുറമെ തന്നെ വധശ്രമം, കൊലപാതകം, രാജ്യദ്രോഹം എന്നിവ കൂടി പോലിസ് കൂട്ടിച്ചേര്‍ത്തു

യുഎപിഎയും വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ക്ക് നേരെ ഇപ്പോള്‍ എടുത്തിട്ടുണ്ട്. ശാഹിന്‍ ബാഗ്, ഡല്‍ഹി സംഭവ വികാസങ്ങള്‍ എന്നിവക്ക് നേരെ പോലിസ് എടുത്ത ക്രൂരമായ നടപടികളുടെ തുടര്‍ച്ചയാണിത്. നിരപരാധികള്‍ക്ക് നേരെ പോലിസിന്റെ രാക്ഷസീയമായ കടന്നു കയറ്റത്തിന് സങ്കോചമൊട്ടുമില്ലാതെ ഇറങ്ങിയിരിക്കുകയാണ് ബിജെപി. സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് പരസ്യമായി പ്രസംഗിച്ച അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവര്‍ ബിജെപി ഭരണത്തിന് കീഴില്‍ മഹാന്മാരായി വായ്ത്തപ്പെടുകയാണ്. സിഎഎ സംബന്ധമായ ഹീനമായ നടപടികള്‍ മുഖേനെ മുഖം വികൃതമായ ബിജെപി വീണ്ടും ജനങ്ങളെ പേടിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ്. സിഎഎയും എന്‍ആര്‍സിയും, എന്‍പിആറും വീണ്ടും പുറത്തെടുക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ നേരത്തെ ഉയര്‍ന്നു വന്ന പ്രക്ഷോഭ സമരങ്ങളെക്കാള്‍ പതിന്‍മടങ്ങ് ശക്തിയുള്ള മുന്നേറ്റങ്ങള്‍ ഇന്ത്യയില്‍ ഉരുത്തിരിഞ് വരുമെന്ന കാര്യത്തില്‍ ബിജെപിക്ക് ഒട്ടും സംശയം വേണ്ട. ഈ നീക്കത്തിനെതിരായി എംഎസ്എഫ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'ആവാസ് ഡി.എച്ച്.ഒ' ('AWAAAZ DHO') ഓണ്‍ലൈന്‍ കാംപയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും ഇടി ആവശ്യപ്പെട്ടു. 

Tags:    

Similar News