ഭരണഘടനയെ മനസ്സിലാക്കാനും പഠിക്കാനും ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്: റവന്യൂ മന്ത്രി കെ. രാജന്‍

Update: 2022-01-26 07:36 GMT

മലപ്പുറം; ഭരണഘടനയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതിനും നിഷ്പ്രഭമാക്കുന്നതിനുമുള്ള ചില ഗൂഢപരിശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഈ കാലത്ത് ഭരണഘടനയെ അടുത്തറിയാനും മനസ്സിലാക്കാനും പഠിക്കാനും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് വന്യൂ മന്ത്രി കെ.രാജന്‍. 73 ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കൊപ്പം പൗരന്റെ അനിവാര്യ ചുമതലകളെക്കുറിച്ചും നാം ബോധവാന്മാരും ബോധവതികളും ആകേതുണ്ട്. ജാതിയുടെയോ മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ വര്‍ണ്ണത്തിന്റെയോ വൈജാത്യങ്ങളില്ലാതെ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രതിനിധാനം ചെയ്യുന്നതാണ് ഭാരതത്തിന്റെ ഭരണഘടന. ഭരണഘടനയെ അട്ടിമറിക്കുകയെന്നാല്‍ രാജ്യത്തെ അട്ടിമറിക്കുക എന്നു തന്നെയാണ് അര്‍ഥം. അമൂല്യമായ നമ്മുടെ ഭരണഘടനയെ അട്ടിമറിക്കാന്‍ നാം ആരെയും അനുവദിക്കില്ല എന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി കെ. രാജന്‍ രാവിലെ സിവില്‍ സ്‌റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.എസ്.പി മൈതാനത്ത് നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍, ജില്ലാ കലക്ടര്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പാലിസ് മേധാവി സുജിത് ദാസ് എന്നിവര്‍ സേനാംഗങ്ങളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി കെ. രാജന്‍ എം.എസ്.പി മൈതാനത്ത് പതാക ഉയര്‍ത്തി വിവിധ കണ്ടിന്‍ജന്റുകള്‍ പരേഡ് ഗ്രൗണ്ടില്‍ അണി നിരന്നത് പരിശോധിച്ചു. നാല് കണ്ടിന്‍ജന്റുളാണ് പരേഡ് ഗ്രൗണ്ടില്‍ അണി നിരന്നത്.

എം. പി അബ്ദുസ്സമദ് സമദാനി എം.പി, പി. ഉബൈദുള്ള എം.എല്‍.എ, എ.ഡി.എം. എന്‍.എം. മെഹറലി, തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.പി. അസിസ്റ്റന്റ് കമാന്റന്റ് എസ്. ദേവകി ദാസ് പരേഡ് നയിച്ചു. എം.എസ്.പി. ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു ചാക്കോ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം എസ് പി പ്ലട്ടൂണ്‍ എ പി എസ് ഐ വിനീഷ് കുമാര്‍, ജില്ലാ പോലീസ് വിഭാഗം കല്‍പകഞ്ചേരി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, ജില്ലാ പോലീസ് വനിതാവിഭാഗം മലപ്പുറം വനിതാ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരാ മണി, കേരള എക്‌സൈസ് വിഭാഗം കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. സാദിഖ് എന്നിവര്‍ നയിച്ചു. 

Tags:    

Similar News