എല്ലാ ഇന്ത്യക്കാര്‍ക്കും മാധ്യമങ്ങളിലൂടെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുളള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്

Update: 2020-08-18 13:21 GMT

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാര്‍ക്കും പൊതു പ്ലാറ്റ്‌ഫോമുകളും മാധ്യമങ്ങളിലും വഴി സ്വന്തം വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര നിയമ കാര്യവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. സാമൂഹിക മാധ്യമങ്ങളെ ബിജെപിയും ആര്‍എസ്എസ്സും നിയന്ത്രിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്.

''ഞാന്‍ മാധ്യമങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും പേരെടുത്തുപറയുന്നില്ല. പൊതു പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തം വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്. പാര്‍ലമെന്ററി കമ്മിറ്റിയെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല''- രവി ശങ്കര്‍ പ്രസാദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

''ഞാന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ കുറിച്ച് പറഞ്ഞിരുന്നു. ദേശവിരുദ്ധമായ 700ഓളം പേജുകള്‍ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് കാലത്ത് നീക്കം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ പിന്തുണ കുറഞ്ഞുവരുന്ന ചിലര്‍ കരുതുന്നത് തങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കുത്തക വേണമെന്നാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നിരവധി വിദ്വേഷട്വീറ്റുകളും പ്രസംഗങ്ങളുമാണ് കഴിഞ്ഞ കാലത്ത് നടത്തിയതെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. പ്രധാനമന്ത്രിയെ വടികൊണ്ടടിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വിദ്വേഷ പരാമര്‍ശമല്ലേയെന്ന് മന്ത്രി ചോദിച്ചു.

എഫ്ബി, വാട്‌സ്ആപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളെ ബിജെപിയും ആര്‍എസ്എസ്സും പോലുള്ള സംഘപരിവാര സംഘടനകള്‍ നിയന്ത്രിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

Tags:    

Similar News