ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍; ശാഹീന്‍ ബാഗിലെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി

സമരക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ സംശയങ്ങളും ദുരീകരിക്കാമെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

Update: 2020-02-01 10:28 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരേ ഡല്‍ഹിയിലെ ശാഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുമായി ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് സമരം ആരംഭിച്ച് രണ്ടു മാസത്തിനു ശേഷം ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. സമരക്കാരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ സംശയങ്ങളും ദുരീകരിക്കാമെന്നും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

ചര്‍ച്ചകള്‍ക്ക് കൃത്യമായ ചട്ടക്കൂട് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ശാഹീന്‍ ബാഗിന്റെ പ്രതിഷേധക്കാരോട് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്, പക്ഷേ അത് കൃത്യമായ ചട്ടക്കൂട്ടിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും സിഎഎയ്‌ക്കെതിരായ അവരുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കാനും നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാണ്'- കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

ആദ്യമായാണ് ശാഹീന്‍ ബാഗിലെ പ്രക്ഷോഭകരോട് സര്‍ക്കാര്‍ അനുനയ നീക്കം നടത്തുന്നത്. ശാഹീന്‍ ബാഗ് ഇല്ലാത്ത ഡല്‍ഹിക്കു വേണ്ടി വോട്ട് ചെയ്യണം എന്നാണ് നേരത്തെ ഡല്‍ഹി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആഭ്യന്ത്ര മന്ത്രി അമിത് ഷാ പറഞ്ഞത്.ശാഹീന്‍ ബാഗിലേത് ചിലര്‍ പണമിറക്കി നടത്തുന്ന സമരമാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ഡല്‍ഹി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നീക്കം നടത്തുന്നത്. പൗരത്വ നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ സംഘം ശാഹീന്‍ ബാഗില്‍ നാളുകളായി സമരത്തിലാണ്. നിലവിലെ സംവിധാനത്തെ തകര്‍ക്കാനുളള ശ്രമങ്ങളുടെ ഭാഗമാണ് ശാഹീന്‍ ബാഗിലെ സമരം എന്നാണ് നേരത്തെ രവിശങ്കര്‍ പ്രസാദ് ആരോപിച്ചത്.മോദി വിരോധമാണ് ശാഹീന്‍ ബാഗിലെ സമരത്തിന് പിന്നിലെന്നും സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തെ ന്യൂനപക്ഷം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ശാഹീന്‍ ബാഗ് സമരം ബിജെപിക്കെതിരേ പ്രധാന വിഷയമായി കോണ്‍ഗ്രസ് അടക്കം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത്. രണ്ട് മാസത്തോളമായി ശാഹീന്‍ ബാഗില്‍ സമരം നടക്കുകയാണ്.

Tags:    

Similar News