പ്രവാസിയുടെ കൊലപാതകം:പ്രതികളെ തിരിച്ചറിഞ്ഞു,സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം
കാസര്‍കോട്: പ്രവാസിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പൈവളിക സ്വദേശികളായ റഈസ്, നൂര്‍ഷ, ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം.
കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്.സിദ്ദിഖിന്റെ സുഹൃത്തും,മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്.ഗള്‍ഫിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ നിഗമനം.
സിദ്ദീഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.സിദ്ദീഖിന്റെ സഹോദന്‍ അന്‍സാരിയെയും ബന്ധുവിനെയും കഴിഞ്ഞ ദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദീഖിനെ നാട്ടിലെത്തിച്ചത്.ഗുരുതര പരിക്കുകളോടെ ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേ സമയം സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.സിദ്ദിഖിനെ ബന്തിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറില്‍ ആശുപത്രിയിലെത്തിയ സംഘത്തില്‍ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.അവശനിലയിലായ സിദ്ദിഖിനെ ഇന്നലെ രാത്രിയോടെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു.