മലാബോ: ഇക്വിറ്റോറിയല്‍ ഗിനിയിലെ സൈനിക ബാരക്കിലുണ്ടായ അതി ശക്തമായ സഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 420 പേര്‍ക്ക പരിക്കേറ്റു. സൈനിക ബാരക്കില്‍ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് ങൂമ പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
ഇക്വിറ്റോറിയല്‍ ഗിനിയിലെ ബാട്ടയില്‍ പ്രാദേശിക സമയം വൈകിട്ട് 4 മണിയോടെയാണ് സംഭവം. തുടര്‍ച്ചയായി നാല് സ്‌ഫോടനങ്ങളാണ് നടന്നത്. ദേശീയ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 17 മരണം എന്നാണ് പറയുന്നത്. 20 പേര്‍ മരണപ്പെട്ടുവെന്ന് അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.