വ്യാജക്കള്ള് നിര്‍മാണത്തിന് ഒത്താശ; 70തോളം എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ നിര്‍ദ്ദേശം

Update: 2021-07-25 17:23 GMT

വടക്കഞ്ചേരി: അണക്കപ്പാറയില്‍ വ്യാജക്കള്ള് നിര്‍മാണ കേന്ദ്രത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയ 70തോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എക്‌സൈസ് കമീഷണര്‍ ഉത്തരവിട്ടു. 13 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പിറകെയാണ് കൂട്ട് സ്ഥലംമാറ്റം. ആലത്തൂര്‍, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെയും കുഴല്‍മന്ദം, ആലത്തൂര്‍ റേഞ്ച് ഓഫിസുകളിലെയും പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെയും ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റുകയെന്ന് എക്‌സൈസ് കമീഷണറുടെ ഉത്തരവില്‍ പറയുന്നു.


രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് കമീഷണര്‍ പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ ഷാജി എസ്. രാജന്‍ ഉള്‍പ്പെടെ 13 പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ 27നാണ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അണക്കപ്പാറയില്‍ വ്യാജക്കള്ള് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.




Tags:    

Similar News