വാഹനാപകട ഇന്‍ഷുറന്‍സിന്റെ മറവില്‍ വന്‍ തട്ടിപ്പ്; പിന്നില്‍ പോലിസ്-ഉദ്യോഗസ്ഥ-അഭിഭാഷക സംഘം
പോലിസും അഭിഭാഷകരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ വന്‍ കൊള്ളയുടെ രേഖകള്‍ പുറത്ത് വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകട ഇന്‍ഷുറന്‍സിന്റെ മറവില്‍ വന്‍ തട്ടിപ്പ്. വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുവെന്ന് എഫ്ഐആറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പോലിസും അഭിഭാഷകരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡോകടര്‍മാരും ചേര്‍ന്ന് നടത്തിയ വന്‍ കൊള്ളയുടെ രേഖകള്‍ പുറത്ത് വന്നു. നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് പല അപകടങ്ങളിലും സംശയം പ്രകടിപ്പിച്ചത്.
മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു വാഹന അപകട എഫ്ഐആറിലെ വിവരങ്ങള്‍ ഇങ്ങനെയാണ്.
46/2019 എന്ന എഫ്ഐആറില്‍ പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറാണ്. മ്യൂസിയം ഭാഗത്തുനിന്നും നന്ദന്‍കോട് ഭാഗത്തേക്ക് അമിത വേഗത്തില്‍ സുരേഷ് ഓടിച്ച വാഹനമിടിച്ച് തമിഴ്നാട് സ്വദേശി രാജനെന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് എഫ്.ഐ.ആര്. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയുന്ന സംഭവത്തിന് കേസെടുത്ത് 2019 ജനുവരി 7നാണ്. അതേ മാസം പത്തിന് ഓട്ടോയുടെ വലതു വശത്ത് അപകടമുണ്ടായതില്‍ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടും നല്കി. തിരുവനന്തപുരം എംഎസിടി കോടതിയില്‍ 12 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജന് കേസ് നല്കി. അപകടം നടന്ന് നാലു മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്റെ കേടുപാടുകള്‍ നാലുമാസമായി പരിഹരിക്കാത്തതുമാണ് ക്രൈം ബ്രാഞ്ചിന്റെ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മ്യൂസിയം ഭാഗത്ത് രാജനുണ്ടായ അപകടം വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരത്തെ എഫ്ഐആറില്‍ പറയുന്ന ദിവസം രാജന് ശരിക്കും അപകടമുണ്ടായിരുന്നു. എന്നാല്‍ അത് തമിഴ്നാട്ടില്‍ വെച്ചായിരുന്നു നടന്നത്.
2018 ആഗസ്റ്റ് 18 ന് രാജന് അപകടമുണ്ടാകുന്നത് തമിഴ് നാട് പാലൂരില്‍ വെച്ചാണ്. രാജന് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. രാജന്റെ കൈവശമുണ്ടായിരുന്ന മദ്യകുപ്പി പൊട്ടി ശരീരത്തില്‍ തറച്ചു ഗുരുതരമായി പരിക്കേറ്റെന്നാണ് എഫ്ഐആര്‍. തമിഴ്നാട്ടിലെ ആശുപത്രിയില്‍ നിന്ന് രാജനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ഇത് മറച്ചുവച്ച് ഇടനിലക്കാരും അഭിഭാഷകരും പോലിസുമെല്ലാം ഒത്തു കളിച്ച് തിരുവനന്തപുരത്ത് കള്ളക്കേസുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. അതായത് ആശുപത്രിയിലുണ്ടായിരുന്ന രാജനെ ഇന്‍ഷുറസ് തുക തട്ടിച്ചെടുക്കുന്ന ലോബി സ്വാധീനിക്കുകയായിരുന്നു. രാജന്റെ പേരില്‍ മാത്രമല്ല തട്ടിപ്പ്. വിദേശത്ത് വെച്ച് പരിക്കേറ്റ സംഭവം കേരളത്തിലാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം ഉണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ചന്ദ്രശന് തങ്കനാടാര് കേസ്
2017 ജനുവരി 22ന് തിരുവല്ലത്ത് നടന്ന അപകടത്തില്‍ ചന്ദ്രശന് തങ്കനാടാര് എന്നയാള്‍ക്ക് പരിക്കേറ്റുവെന്നാണ് ട്രാഫിക് പോലിസ് എഫ്ഐആറില്‍ പറയുന്നത്. ശ്രീനാഥ് എന്നയാള്‍ ഒടിച്ച ബൈക്കിന്റെ പിന്നില്‍ ചന്ദ്രശന് ഇരുന്നുവെന്നും ഈ ബൈക്ക് കിഷോര്‍ എന്നയാളെ ഇടിച്ചുവെന്നുമായിരുന്നു കേസ്. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രശന് 60 ലക്ഷവും കിഷോര്‍ നാലു ലക്ഷവും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ കേസ് തട്ടിപ്പാണെന്ന് കണ്ടെത്തിയത് നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസില്‍ കണ്ടെത്തിയത്. ചന്ദ്രശന് പരിക്കേറ്റത് സൗദിയില്‍ വച്ചാണെന്നാണ് ആശുപത്രി രേഖ. വിദേശത്തുവച്ച് വാഹന അപകടത്തില്‍ പരിക്കേറ്റ ചന്ദ്രശനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് തുടര്‍ ചികിത്സ നടത്തിയത്. ഈ സമയത്ത് ഇടനിലക്കാര്‍ സ്വാധീനിച്ച് ഇന്‍ഷുറന്‍സ് വാങ്ങി നല്‍കാമെന്ന് സമ്മതിപ്പിച്ച് കേസ് നല്‍കിയെന്നാണ് കണ്ടെത്തല്‍. നടന്നുപോകുമ്പോള്‍ വാഹനം ഇടിച്ചതായി പറയുന്ന കിഷോറിന് അപകടമേ ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചതായി കിഷോര്‍ സമര്‍പ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നും കണ്ടെത്തി.
ഇതെല്ലാം തട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. 2017 മുതല്‍ സംശയത്തിന്റെ നിലയിലുള്ള 300 കേസുകളാണ് അന്വഷിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ പരാതികളെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. ഇതു പൂര്‍ത്തിയാകുമ്പോള്‍ കോടികളുടെ തട്ടിപ്പ് വിവരമാകും പുറത്തുവരുന്നത്.