വ്യാജ ഏറ്റമുട്ടല്‍ കൊലകള്‍: പോലീസിന്റെ വെളിപ്പെടുത്തലുകള്‍ അസത്യങ്ങളുടെ ആവര്‍ത്തനം; എന്‍സിഎച്ച്ആര്‍ഒ

കശ്മീരില്‍ പോലും പത്രക്കാരെ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കാറുണ്ട്. ഫോട്ടോയും വീഡിയോയും എടുക്കാറുമുണ്ട്. ഇവിടെ കൊലപ്പെടുത്തിയ ശേഷം പോലും അവിടേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞു. മൃതദേഹം കാണാന്‍ അനുവദിച്ചില്ല.ഇതെല്ലാം പലതും മൂടിവെക്കാന്‍ തന്നെയാണ് ചെയ്തത്.

Update: 2020-11-06 14:49 GMT

കോഴിക്കോട്: ആവര്‍ത്തിക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ കേരളത്തെ ഭീകര സംസ്ഥാനമാക്കി മാറ്റാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ആരോപിച്ചു. നരേന്ദ്രമോദി മുഖ്യമന്ത്രിയായ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരയ്ക്കു തുല്യമായ ഭീകരതയാണ് ഇപ്പോള്‍ കേരളത്തില്‍ നടമാടുന്നതെന്നും എന്‍സിഎച്ച്ആര്‍ഒ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അട്ടപ്പാടിയിലെ ഫോട്ടോഗ്രാഫര്‍ ബെന്നി ഉള്‍പ്പെടെ ഒമ്പതു പേരാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നാളിതുവരെ നടന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ സത്യം പുറത്തുവരാത്തവിധം ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും തകര്‍ന്ന അവസ്ഥയിലാണ് കേരളം. സംസ്ഥാനത്തു നടന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ ഒന്നിന്റെയും യഥാര്‍ത്ഥ വസ്തുത പുറത്തുവന്നിട്ടില്ല. ഇത്തരം മരണങ്ങള്‍ നടക്കുമ്പോള്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള ചട്ടങ്ങള്‍ പോലും കേരള സര്‍ക്കാര്‍ പാലിച്ചിട്ടില്ല.

മുന്‍പ് വൈത്തിരിയില്‍ സി പി ജലീലിനെ വെടിവച്ചുകൊന്നപ്പോള്‍ പറഞ്ഞത് തന്നെയാണ് വേല്‍മുരുകനെ വെടിവച്ചു കൊന്ന ശേഷവും പോലിസ് പറയുന്നത്. രാത്രി മുഴുവന്‍ തുടര്‍ച്ചയായി മാവോവാദികളുമായി വെടിവെപ്പ് നടന്നു എന്നും ഏറ്റുമുട്ടലിനിടക്ക് വേല്‍മുരുകന്‍ കൊല്ലപ്പെട്ടു എന്നും പോലിസ് പറയുന്നത് കളവാണ്. രാത്രി മുഴുവന്‍ വെടിവെപ്പ് നടത്തണമെങ്കില്‍ മാവോവാദികളുടെ കൈവശം അത്ര വെടിക്കോപ്പ് വേണം. അത്രയധികം സംഘബലവും ആയുധവും മാവോയിസ്റ്റുകള്‍ക്ക് വേണം. അതു മാത്രമല്ല, ഇത്രയും ദീര്‍ഘിച്ച വെടിവെപ്പിനിടയില്‍ ഒരു പോലിസുകാരനു പോലും വെടിയേറ്റിട്ടുമില്ല.

വേല്‍മുരുകന്റെ സംഘത്തില്‍ 6 പേരുണ്ടായിരുന്നു എന്നും ഇതില്‍ ഒരാള്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റു എന്നു പറയുന്നതിലും സംശയമുണ്ട്. സി പി ജലീലിനെ വെടിവച്ചുകൊന്നപ്പോഴും ഇത്തരത്തില്‍ പറഞ്ഞിരുന്നു. മറ്റുള്ളവര്‍ രക്ഷപ്പെട്ടുവെന്നും ഒരാള്‍ക്ക് വെടിയേറ്റു എന്നും പറയുന്നുണ്ടെങ്കിലും വൈത്തിരിയില്‍ പിന്നീട് ആരെയും പിടികൂടിയിരുന്നില്ല. പോലിസുമായി ഏറ്റുമുട്ടിയെ വേല്‍മുരുകന്റെ സംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റെന്ന് പറയുമ്പോഴും ഇവിടെയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരെയൂം പിടികൂടിയിട്ടില്ല. രണ്ടു സ്ഥലങ്ങളിലും തണ്ടര്‍ബോള്‍ട്ടും പോലിസും ഏറ്റുമുട്ടല്‍ നടന്നു എന്നു പറയുന്ന അന്നു മുതല്‍ തന്നെ വ്യാപക തിരച്ചില്‍ നടത്തിയിട്ടും സംഘത്തിലെ മറ്റുള്ളവരെ പിടികൂടാന്‍ കഴിഞ്ഞില്ല എന്നതില്‍ നിന്നുതന്നെ ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ വെടിവച്ചുകൊലയാണ് നടന്നതെന്ന് വ്യക്തമാണ്.

സത്യങ്ങള്‍ മൂടിവെക്കാനാണ് വെടിവച്ചുകൊലപ്പെടുത്തിയതിനു ശേഷവും പത്രക്കാരെ അവിടേക്ക് പ്രവേശിപ്പിക്കാതിരുന്നത് എന്നും എന്‍സിഎച്ച്ആര്‍ഒ ഭാരവാഹികള്‍ പറഞ്ഞു. കശ്മീരില്‍ പോലും പത്രക്കാരെ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കാറുണ്ട്. ഫോട്ടോയും വീഡിയോയും എടുക്കാറുമുണ്ട്. ഇവിടെ കൊലപ്പെടുത്തിയ ശേഷം പോലും അവിടേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞു. മൃതദേഹം കാണാന്‍ അനുവദിച്ചില്ല. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മൃതദേഹം കാണാനെത്തിയവരെയും തടഞ്ഞു. ഇതെല്ലാം പലതും മൂടിവെക്കാന്‍ തന്നെയാണ് ചെയ്തത്.

ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ ഈ വിഷയത്തില്‍ തികഞ്ഞ കള്ളത്തരമാണ് നടത്തുന്നത്. ആദ്യം നെടുങ്കയത്ത് രണ്ട് മാവോവാദികളെ കൊല്ലപ്പെടുത്തിയപ്പോള്‍ മുതല്‍ സിപിഐ പറയുന്നത് മാവോവാദികളെ വെടിവച്ചുകൊല്ലുന്നത് എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം ഇതാണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മാവോവാദികളെ വെടിവച്ചുകൊന്നു. അപ്പോഴെല്ലാം ഇത് അംഗീകരിക്കാനാവില്ല എന്നു പറയുന്ന സിപിഐയുടെ കൂടി അനുമതിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മാവോവാദി വേട്ടക്കായി കേന്ദ്രസര്‍ക്കാറില്‍ നിന്നും ആറു കോടി രൂപ വാങ്ങിയത്. സിപിഐ ഉള്‍പ്പെട്ട മന്ത്രിസഭ യോഗത്തില്‍ അംഗീകരിച്ചിട്ടാണ് ഇതിനുള്ള പ്രൊപ്പോസല്‍ അയച്ചത്. അതിനു ശേഷം പിന്നീട് ഏറ്റുമുട്ടല്‍കൊലയില്‍ ഉത്തരവാദിത്വമില്ല എന്നു സിപിഐ പറയുന്നത് ഇരട്ടത്താപ്പാണ്. ഭരണത്തിലെ രണ്ടാംകക്ഷി ആണ് സിപിഐ എന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതുണ്ട്. മാവോവാദികളെ വെടിവച്ചുകൊല്ലുക എന്നത്് സിപിഎമ്മിന്റെ നയമാണ്. അവര്‍ അംഗീകരിച്ച് തന്നെയാണ് ഇത് ചെയ്യുന്നത്. സിപിഐക്കും ഇത് അറിയാം.

നിയമവ്യവസ്ഥയ്ക്കും മനുഷ്യാവകാശ മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത സര്‍ക്കാര്‍, ഭരണകൂട ഭീകരതയുടെ ഫാഷിസ്റ്റ് മുഖമാണ് തുറന്നുകാണിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട് പടിഞ്ഞാറത്തറയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്. വേല്‍മുരുകന് വെടിയേറ്റത് വളരെ അടുത്തുനിന്നും പിന്നില്‍ നിന്നുമാണ്. ഇടതു ചെവിയുടെ പിന്നിലായി തലയ്ക്കും ഇടതു കൈക്കും പുറത്തും വെടിയേറ്റിട്ടുണ്ട്. കൂടാതെ നെഞ്ച്, വയറ്, കൈകള്‍ എന്നിവിടങ്ങളിലെല്ലാം വെടിയേറ്റ പാടുകള്‍ വ്യക്തമായി കാണുന്നു. വളരെ അടുത്തു നിന്നും വെടിവച്ചതു കൊണ്ടാണിതെന്ന് നേതാക്കള്‍ പറഞ്ഞു.

കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വേല്‍മുരുകനെ തണ്ടര്‍ബോള്‍ട്ട് കരുതിക്കൂട്ടി അടുത്തുനിന്നും വെടിവെക്കുകയായിരുന്നു. മൃതദേഹം കിടന്ന സ്ഥലത്തെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വേല്‍മുരുകന്റെ അമ്മയും സഹോദരനും ഇതിനകം തന്നെ കൊലപാതകത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. നിലമ്പൂരിലെ മഞ്ചക്കണ്ടിയിലും നേരത്തെ വയനാട്ടിലും, കീഴടങ്ങാനും പിടികൂടാനും കഴിയുമായിരുന്ന ആളുകളെ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊല്ലുകയായിരുന്നു. ഇത്തരം ഭരണകൂട ഭീകരതകള്‍ക്കെതിരേ മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഒന്നിക്കുകയും ശബ്ദിക്കുകയും ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി അഭ്യര്‍ഥിച്ചു.

എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ദേശീയ സെക്രട്ടറി റെനി ഐലിന്‍, ട്രഷറല്‍ കെ പി ഒ റഹ്‌മത്തുല്ല, ദേശീയ കോഡിനേറ്റര്‍ എം കെ ശറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Similar News