വീട്ടിലേക്ക് മടങ്ങേണ്ട, കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് നടന്നും കിട്ടിയ വണ്ടിയിലും നാട്ടിലേക്ക് പലായനം ചെയ്യുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. വന്‍ നഗരങ്ങളില്‍ നിന്ന് ആരും വീടുകളിലേക്ക് നടന്നും മറ്റും ജീവന്‍ നഷ്ടപ്പെടുത്തേണ്ടെന്നും കഴിയാവുന്ന കാലത്തോളം കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കുമെന്നും കര്‍ഷക സമരക്കാര്‍ പറഞ്ഞു. കുടിയേറ്റത്തൊഴിലാളികള്‍ തിങ്ങിക്കൂടിയ പ്രദേശങ്ങളില്‍ ഇതിനോടകം നൂറുകണക്കിനു പാക്കറ്റ് ഭക്ഷണമാണ് വിതരണം ചെയ്തിട്ടുള്ളത്.
ഡല്‍ഹിയില്‍ നടക്കുന്നത് എല്ലാവരുടെയും സമരമാണെന്നും എല്ലാവരോടും സമരത്തോട് ചേരണമെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വലിയൊരു ജനവിഭാഗത്തിന് നാടുകളിലേക്ക് നടന്ന് പോകേണ്ടിവന്നിരുന്നു. അതേ കാര്യം ഈ വര്‍ഷവും ആവര്‍ത്തിക്കേണ്ടതില്ലെന്നും എല്ലാവരും സമരംചെയ്യുന്ന ഇടങ്ങളിലേത്തണമന്നും സമരം എല്ലാവരുടേതുമാണെന്നും കര്‍ഷക നേതാക്കളിലൊരാളായ മന്‍ജീത് സിങ് ധനീര്‍ പറഞ്ഞു.
സമരം തുടരുന്ന കാലത്തോളം കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. ഗാസിപൂരിലെ അതിര്‍ത്തിയില്‍ ഇപ്പോള്‍ത്തന്നെ കര്‍ഷകര്‍ നാടുവിട്ടുപോകുന്ന തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണപാക്കറ്റുകള്‍ തയ്യാറാക്കുന്നുണ്ട്. നാടുകളിലേക്ക് തിരികെപ്പോകുന്ന കര്‍ഷകര്‍ തിങ്ങിക്കൂടിയ ആനന്ദ് വിഹാര്‍ ബസ് സ്റ്റാന്റില്‍ നൂറു കണക്കിനു ഭക്ഷണപ്പാക്കറ്റുകളാണ് ഇതിനോടകം വിതരണം ചെയ്തിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം അവസാനമാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം തുടങ്ങിയത്.