എപിഎംസി നിയമം നടപ്പാക്കി കര്‍ണാടക; 22ന് വിധാന്‍ സൗധ കര്‍ഷക സംഘടനകള്‍ ഉപരോധിക്കും

കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി 22ന് വിധാന്‍ സൗധ ഉപരോധിക്കുമെന്ന് സംയുക്ത കിസാന്‍മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു.

Update: 2021-03-12 19:35 GMT

ബെംഗളൂരു: വിവാദ കാര്‍ഷിക നിയമത്തിനെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ സംസ്ഥാന തലങ്ങളില്‍ നിയമം നടപ്പാക്കാന്‍ ആരംഭിച്ച് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍. കര്‍ണാടകയില്‍ കേന്ദ്ര നിയമങ്ങളുടെ ചുവടുപിടിച്ച് എപിഎംസി നിയമം കൊണ്ടുവന്നു കഴിഞ്ഞു. ഇതോടെ പ്രതിഷേധ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി 22ന് വിധാന്‍ സൗധ ഉപരോധിക്കുമെന്ന് സംയുക്ത കിസാന്‍മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു.

എപിഎംസി നിയമം കൊണ്ടുവന്നതോടെ കലബുറഗിയിലും ബല്ലാരിയിലും താങ്ങുവിലയെക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. കേന്ദ്രനിയമം നടപ്പാക്കുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്നതിന്റെ തെളിവാണിതെന്നും യോഗേന്ദ്ര യാദവ് ബെംഗളൂരുവില്‍ ആരോപിച്ചു.

കുറഞ്ഞ താങ്ങുവില നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി കള്ളം പ്രചരിപ്പിക്കുകയാണ് യോഗേന്ദ്ര യാദവ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം എപിഎംസികളെ പൂര്‍ണമായി തകര്‍ക്കും. ഒപ്പം താങ്ങുവിലയും ഇല്ലാതാക്കും തെറ്റായ പ്രചാരണത്തിലൂടെ കര്‍ഷകരുടെ സമരങ്ങളെ വഴിതിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എപിഎംസി ചട്ടങ്ങള്‍ അനുസരിച്ച് കര്‍ഷകര്‍ വിജ്ഞാപിത മാര്‍ക്കറ്റുകളില്‍ ലൈസന്‍സുള്ള ഇടനിലക്കാര്‍ക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. സാധാരണയായി കര്‍ഷകര്‍ താമസിക്കുന്ന അതേ പ്രദേശത്ത് തന്നെ വില്‍ക്കണം. ഒരു തുറന്ന മാര്‍ക്കറ്റില്‍ അല്ല. പരിമിതമായ കര്‍ഷകരുടെ വിളവെടുപ്പ് അവരുടെ പ്രാദേശിക എപിഎംസികള്‍ക്ക് പുറത്ത് വില്‍ക്കാനുള്ള അനുമതി നല്‍കുന്നതാണ് പുതുക്കിയ നിയമം.

അതേസമയം ഡല്‍ഹിയിലും കര്‍ഷക സമരം കൂടുതല്‍ ശക്തമാവുകയാണ്. കര്‍ഷക സമരത്തെ അവഗണിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. കൂടാതെ മാര്‍ച്ച് 15ന് സ്വകാര്യവത്കരണം, ഇന്ധനവില വര്‍ദ്ധന എന്നിവയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടകള്‍ അറിയിച്ചിരിക്കുതയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 26ന് ഭാരത് ബന്ധും കര്‍ഷക സംഘടകള്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News