കര്‍ഷക സമരം: സെലിബ്രിറ്റികളുടെ പ്രചാരണം കൊണ്ട് ഇന്ത്യയെ തകര്‍ക്കാനാവില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ കുറിച്ചുളള സെലിബ്രിറ്റികളുടെ പ്രചാരണം കൊണ്ട് ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ പ്രതികരണം.
''സെലിബ്രിറ്റികളുടെ പ്രചാരണം കൊണ്ട് ഇന്ത്യയെ തകര്‍ക്കാനാവില്ല. ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നത് പ്രചാരണമല്ല. വികസനമാണ്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ഇന്ത്യയുടെ വികാസത്തെ തടഞ്ഞുനിര്‍ത്താനുമാവില്ല. ഇന്ത്യ പുരോഗതി കൈവരിക്കാന്‍ ഒരുമിച്ചുനില്‍ക്കും''- അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിന്റെ ഒഫീഷ്യല്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ്, പങ്കുവച്ചുകൊണ്ടാണ് അമിത് ഷായുടെ പ്രതികരണം. ആവശ്യമായ ചര്‍ച്ചകളും പഠനങ്ങളും നടത്തിയാണ് കാര്‍ഷിക നിയമം പാസ്സാക്കിയതെന്നും റിപബ്ലിക് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ അപലപിച്ചുകൊണ്ടുമാണ് പ്രതിരോധമന്ത്രായം ട്വീറ്റ് ചെയ്തത്. ആ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അമിത് ഷാ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്ന പ്രമുഖര്‍ക്ക് മറുപടി നല്‍കിയത്.
പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇത് ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ഇന്ത്യയിലെ കര്‍ഷക സമരത്തിനുള്ള പിന്‍തുണ വര്‍ധിക്കുകയും ചെയ്തിരുന്നു.