കര്‍ഷക സമരം: ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ നോട്ടീസ് നല്‍കി
ഭരണഘടനാ ബെഞ്ചിന്റേതടക്കമുള്ള അരഡസനോളം സുപ്രീംകോടതി ഉത്തരവുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ട്വിറ്ററിന് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്.
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ നോട്ടീസ് നല്‍കി. കുറ്റകരമായ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതിനാണ് നടപടി. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഭരണഘടനാ ബെഞ്ചിന്റേതടക്കമുള്ള അരഡസനോളം സുപ്രീംകോടതി ഉത്തരവുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ട്വിറ്ററിന് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതാല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.
'കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ മോദിക്ക് പദ്ധതി' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ഓളം അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. കിസാന്‍ ഏക്താ മോര്‍ച്ച, ദി കാരവന്‍ എന്നിവയുടേതടക്കം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ രാജ്യത്ത് മരവിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാന്‍ സര്‍ക്കാരിനെ ട്വിറ്റര്‍ സഹായിച്ചുവെന്നായിരുന്നു വിമര്‍ശനം.