ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച ആറാം വട്ട ചര്‍ച്ച ഇന്ന് നടക്കും. ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ കൃഷി മന്ത്രിയടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും 40 കര്‍ഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. കാര്‍ഷിക നിയമം പിന്‍വലിക്കുകയെന്ന നിലപാടിലാണ് കര്‍ഷകര്‍ ഉറച്ചുനില്‍ക്കുന്നതെങ്കിലും സര്‍ക്കാര്‍ അതിന് വഴിപ്പെടില്ലെന്ന തീരുമാനത്തിലാണെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ ചില നീക്കുപോക്കുകളാവാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
താങ്ങുവില, അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്ന വയല്‍കത്തിക്കല്‍ നിയമത്തിലെ സങ്കീര്‍ണതകള്‍, വൈദ്യുതി നിയമം തുടങ്ങിയവയില്‍ നീക്കുപോക്കുകള്‍ക്ക് കേന്ദ്രം തയ്യാറാണെന്നാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കു മുന്നോടിയായി നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ നിലപാട്. നിയമം പിന്‍വലിക്കുകയെന്ന അജണ്ട സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. കര്‍ഷകരും നിയമം പൂര്‍ണമായി പിന്‍വലിക്കുകയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയേക്കുമെന്നും ചില ദേശീയ മാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ഡിസംബര്‍ 26ന് കര്‍ഷക സംഘടനകള്‍ കേന്ദ്രത്തിനയച്ച കത്തില്‍ താങ്ങുവില സമ്പ്രദായത്തിന് നിയമപരമായ ഉറപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഡിസംബര്‍ 29ന് ചര്‍ച്ച നടത്താമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടതെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് ഡിസംബര്‍ 30ആക്കി മാറ്റി. തങ്ങളുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന സന്ദേശം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നാണ് വിലയിരുത്തല്‍.
കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ 40 കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ ഡിസംബര്‍ 30 രണ്ട് മണിച്ച് ചര്‍ച്ച നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ അഞ്ച് തവണ ചര്‍ച്ച നടന്നെങ്കിലും കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ അലസിപ്പിരിയുകയായിരുന്നു.