കര്‍ഷകസമരം: കാര്‍ഷിക നിയമം നടപ്പാക്കുന്നത് ഒന്നര വര്‍ഷം നീട്ടിവയ്ക്കാമെന്ന കേന്ദ്ര നിര്‍ദേശം തള്ളി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമം ഒന്നര വര്‍ഷം നടപ്പാക്കാതെ മരവിപ്പിച്ചു നിര്‍ത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം സമരസമിതി തളളി. കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കലല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്നു നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കുകയും താങ്ങുവില നിയമപരമാക്കി മാറ്റുകയും ചെയ്യുക എന്ന നിര്‍ദേശത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.
ബുധനാഴ്ച ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ വച്ച് നടന്ന പത്താംവട്ട ചര്‍ച്ചയിലാണ് നിയമം ഒന്നര വര്‍ഷത്തേക്ക് നടപ്പാക്കാതെ മരവിപ്പിച്ചുനിര്‍ത്താമെന്ന നിര്‍ദേശം കേന്ദ്ര കൃഷി മന്ത്രി മുന്നോട്ട് വയ്ക്കുന്നത്. അപ്പോള്‍ മൗനം പാലിച്ചുവെങ്കിലും ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ പിന്നീട് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
കാര്‍ഷിക നിയമത്തിന്റെ ക്ലോസ്സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കര്‍ഷകപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് രൂപം നല്‍കാമെന്ന നിര്‍ദേശം പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല.
2020 നവംബര്‍ 26ന് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുളള സമരം രാജ്യത്ത് വലിയ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിയമം പൂര്‍ണമായും പിന്‍വലിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ ഏതാനും തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാണെന്നാണ് സര്‍ക്കാരിന്റെ വാദം.
ജനുവരി 22നാണ് അടുത്ത ചര്‍ച്ച.