മകന്‍ ചെയ്തത് അക്ഷന്തവ്യമായ കുറ്റം: വികാസ് ദുബെയുടെ കൊലപാതകത്തെ ന്യായീകരിച്ച് പിതാവ്
കാന്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെയെ വെടിവച്ചു കൊന്ന ഉത്തര്‍പ്രദേശ് പോലിസ് നടപടിയെ ന്യായീകരിച്ച് പിതാവ്. ദുബെയുടെ പിതാവ് രാം കുമാര്‍ ദുബെയാണ് അസാധാരണ പ്രതികരണവുമായി രംഗത്തുവന്നത്. എട്ട് പോലിസുകാരെ കൊന്ന തന്റെ മകന്‍ ചെയ്തത് ക്ഷമിക്കാനാവാത്ത കുറ്റമാണെന്നും ശിക്ഷ അര്‍ഹിക്കുന്നുവെന്നും രാം കുമാര്‍ പറഞ്ഞു.
താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മകന്റെ ജീവിതം ഇങ്ങനെ അവസാനിക്കുമായിരുന്നില്ലെന്നും തങ്ങളെ വികാസ് ഒരു നിലയ്ക്കും സഹായിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. തന്റെ മകന്‍ മൂലം പാരമ്പര്യ സ്വത്തുപോലും നഷ്ടപ്പെട്ടു. അവന്‍ എട്ട് പോലിസുകാരെ കൊന്നു. അത് പൊറുക്കാനാവില്ല, അവരത് ചെയ്തില്ലെങ്കില്‍ മറ്റുളളവര്‍ പലരും ഇതുപോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കും- രാം കുമാര്‍ ദുബെ പറഞ്ഞു.
ദുബെയെ വൈകീട്ട് കാന്‍പൂരിലെ ഭൈരവ്ഘട്ടിലാണ് സംസ്‌കരിച്ചത്. ഭാര്യയും ഭാര്യാസഹോദരനും ഇളയ മകനും മാത്രമാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്.
എട്ട് പോലിസുകാരെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെയെ രണ്ട് ദിവസം മുമ്പാണ് യുപി പോലിസ് വെടിവച്ചുകൊന്നത്. പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
ദുബെയുമായി പോയ വാഹനം കാണ്‍പൂരിന് സമീപം അപകടത്തില്‍ പെട്ടിരുന്നുവത്രെ. അവിടെനിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവയ്പ് നടന്നെന്നും പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലിസുകാരായിരുന്നു കൊല്ലപ്പെട്ടത്.