ഒമിക്രോണ്‍ ഭീതി; വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Update: 2021-12-02 01:24 GMT

ന്യൂഡല്‍ഹി: ലോകത്തെ വിവിധ രാജ്യങ്ങളിലും ഇന്ത്യന്‍ പ്രവാസികള്‍ ധാരാളമുള്ള സൗദിയിലും യുഎഇയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോഗ്യ നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. കഴിഞ്ഞ തവണത്തെ കൊവിഡ് വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളും ജീവാപായവുമുണ്ടായ മഹാരാഷ്ട്ര,  കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

അതേസമയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷം രൂപപ്പെട്ടു. മഹാരാഷ്ട്രയിലെ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ദേശീയ നയത്തിനു സമാനമാവണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ തവണ കൂടുതല്‍ രോഗവ്യാപനം നടന്ന സംസ്ഥാനമെന്ന നിലയില്‍ സ്വന്തം നിലയില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

സംസ്ഥാനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കനുസരിച്ചായിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകന്‍ കൂടിയായ ആദിത്യ താക്കറെ വ്യക്തമാക്കി.

ഏത് തരം നിര്‍ദേശങ്ങളാണ് പുറപ്പെടുവിക്കുകയെന്ന് ആദിത്യ താക്കറെ വ്യക്തമാക്കിയില്ലെങ്കിലും നിര്‍ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ വന്നുപോകുന്ന സംസ്ഥാനമെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

ഇന്നലെ അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. വിമാനം കയറുമ്പോഴില്ലാത്ത നിയന്ത്രണങ്ങളാണ് വിമാനം മഹാരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോഴെന്നത് അന്താരാഷ്ട്ര യാത്രികര്‍ക്ക് വലിയ ബുദ്ധുമുട്ടുണ്ടാക്കി. 

പുതിയ നിര്‍ദേശപ്രകാരം 50 രാജ്യങ്ങളെ കൂടുതല്‍ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തി. ഇത്തരം രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ 7 ദിവസത്തെ സ്ഥാപന ക്വാറന്റൈനില്‍ താമസിക്കണം. 3 ആര്‍ടിപിസിആര്‍ പരിശോധനയും സ്വന്തം നിലയില്‍ നടത്തണം.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. രോഗബാധിതരാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. അല്ലെങ്കില്‍ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പണം നല്‍കേണ്ടിവരും. പിന്നീട് ഈ നിര്‍ദേശങ്ങളില്‍ ചിലത് പിന്‍വലിച്ചു. 

Tags:    

Similar News