തമിഴിന് പിന്നാലെ മലയാള സിനിമയും പുതുവഴിയില്‍; ഭൂമിയുടെ രാഷ്ട്രീയം ചര്‍ച്ചയാക്കി 'പട'
തമിഴ് സിനിമയ്‌ക്കൊപ്പം കീഴാള രാഷ്ട്രീയവും ഭൂമിയുടെ രാഷ്ട്രീയവും മലയാള സിനിമയും ഗൗരവമായി സംവദിക്കാന്‍ തുടങ്ങിയിരിക്കുന്നു. നക്‌സലിസവും മാവോവാദവും പ്രമേയമാവുന്ന സിനിമകള്‍ മലയാളത്തിന് അന്യമല്ല. പക്ഷേ ആദിവാസികളുടേയും ദലിതരുടേയും രാഷ്ട്രീയം അവരുടെ ഭാഗത്ത് നിന്ന് പറയുന്ന സിനിമകള്‍ മലയാളത്തില്‍ പൊതുവേ കുറവാണ്.
സ്റ്റാര്‍ഡം നിറയുന്ന, ഒട്ടും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത കഥയും കഥാപാത്രങ്ങളുമാണ് മലയാള സിനിമയില്‍ നിറഞ്ഞിരുന്നത്. ആ സിനിമാസങ്കല്‍പങ്ങളില്‍ വലിയമാറ്റം മലയാളത്തില്‍ സംഭവിച്ച് തുടങ്ങിയിട്ട് കുറച്ച് കാലമായി. എങ്കിലും ആദിവാസികളുടേയും ദലിതരുടേയും പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാന്‍ ഒരിക്കലും ധൈര്യപ്പെട്ടിട്ടില്ല. പരമ്പരാഗത ഫ്യൂഡല്‍ കാഴ്ചപ്പാടുകളും മാമൂലുകളുമാണ് മുഖ്യധാരസിനിമകളുടെ ഇതിവൃത്തം. അത്തരം കാഴചപ്പാടുകള്‍ പ്രേക്ഷകര്‍ തന്നെ തിരുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് മലയാള സിനിമയുടെ പുതിയ ട്രെന്‍ഡ്. ഏത് സിനിമയും കൃത്യമായി പ്രേക്ഷകരുടെ ഓഡിറ്റിങിന് വിധേയമാക്കപ്പെടും എന്നതും പുതിയ മാറ്റമാണ്. മാലിക് സിനിമയിലൊക്കെ അത് കണ്ടതാണ്. സാമ്പ്രദായിക മലയാള സിനിമ സങ്കല്‍പങ്ങള്‍ കീഴ്‌മേല്‍മറിയപ്പെട്ടു എന്ന് കാണാം.
കശ്മീരി പണ്ഡിറ്റുകള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ദി കാശ്മീരി പണ്ഡിറ്റ് സിനിമ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ കൂടിയാണ് പട സംവാദത്തിനെത്തുന്നത്. സത്യത്തെ കീഴ്‌മേല്‍ മറിക്കുന്ന സംഘപരിവാര്‍ ആഖ്യാനമാണ് ദി കശ്മീര്‍ പണ്ഡിറ്റ് മുന്നോട്ട് വയ്ക്കുന്നത്. കാലങ്ങളായി കശ്മീരികളെ ഭരണകൂടം അതി ഭീകരമായി വേട്ടയാടി കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പെരുംനുണ സിനിമയുടെ രൂപത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നത്. അതേസമയം, ആ സിനിമയുടെ പൊള്ളത്തരം തുറന്ന് കാട്ടിയത് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു ട്വീറ്റാണ്. തീര്‍ച്ചയായും കേരളത്തില്‍ നിന്ന് അത്തരം ഒരു പ്രതികരണമുണ്ടാകണമെങ്കില്‍, അത് കേരളത്തിലെ പുതിയ സിനിമ രാഷ്ട്രീയ സംസ്‌കാരമാണ് വിളിച്ചോതുന്നത്.
സമരങ്ങളെ ഉള്‍ക്കൊള്ളുകയും ഇപ്പോഴും ആ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുന്നു എന്ന സന്ദേശവും കൂടിയാണ് പട മുന്നോട്ട് വയ്ക്കുന്നത്. ആദിവാസി ഭൂനിയമപരിഷ്‌കരണത്തിനെതിരേ 1996ല്‍ ഒരു സംഘം നടത്തിയ പ്രതീകാത്മക സമരത്തെ അതേ തീവ്രതയോടെയാണ് സംവിധായകന്‍ കെഎം കമല്‍ സ്‌ക്രീനിലെത്തിച്ചത്. സാധാരണ യഥാര്‍ഥസംഭവങ്ങള്‍ സിനിമ ആക്കുമ്പോള്‍ പൂര്‍ണമായ സത്യസന്ധത പുലര്‍ത്താറില്ല. പക്ഷേ ഇവിടെ കമല്‍ പൂര്‍ണമായി സത്യസത്യന്ധത പാലിച്ചു എന്നു മാത്രമല്ല, ചെങ്ങറയും അരിപ്പയും മുത്തങ്ങയുമൊക്കൊ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇത് സംവിധായകന്റെ രാഷ്ട്രീയ നിലപാട് കൂടി ഉള്‍ച്ചേരുന്നതാണെന്ന് പറയേണ്ടിവരും.
ആദിവാദികളുടെയും ദലിതരുടേയും ഭൂമിപ്രശ്‌നം ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ്. കേരളത്തിലെ ഭൂമിയുടെ മൂക്കാല്‍ പങ്കും ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് മുന്നാക്ക വിഭാഗങ്ങളാണ്. ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ഭൂമി മറ്റ് വിഭാഗങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. വിവിധ പദ്ധതികളുടെ പേരില്‍ ആദിവാസികളെ അവരുടെ ആവാസവ്യവസ്ഥയില്‍ കടന്ന് കൂടി അവരെ കുടിയിറക്കുകയോ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പട സംവാദത്തിലേക്ക് വരുന്നത്.
ആദിവാസി ഭൂസംരക്ഷണ നിയമം അട്ടിമറിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1996 ഒക്ടോബര്‍ നാലിന് പാലക്കാട് കലക്ടറെ പ്രതീകാത്മകമായി ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. അയ്യങ്കാളിപ്പടയുടെ നാലുപ്രവര്‍ത്തകരാണ് അന്ന് ബന്ദിനാടകത്തിന് നേതൃത്വം നല്‍കിയത്. അസാമാന്യധൈര്യമായിരുന്നു അന്ന് ആ യുവാക്കള്‍ പ്രകടിപ്പിച്ചത്. അവര്‍ ഉന്നയിച്ച പ്രശ്‌നത്തോട് ഒരു അര്‍ഥത്തില്‍ ജനം ഐക്യപ്പെടുകയായിരുന്നു. പോലിസിനും ഭരണകൂടത്തിലും അയ്യാങ്കാളിപ്പട അസ്വാരസ്യമുണ്ടാക്കിയെങ്കിലും അതൊരു സ്വാഭാവിക ഭരണകൂട സ്വഭാവം മാത്രമായിട്ടേ കാണാനാകൂ.
കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി, അജയന്‍ മണ്ണൂര്‍ എന്നീ ചെറുപ്പക്കാരായിരുന്നു ആ സാഹസിക കൃത്യത്തിന് നേതൃത്വം നല്‍കിയത്. ആ കൃത്യമാണ് കെഎം കമല്‍ എന്ന സംവിധാകന്‍ പടയില്‍ പ്രമേയമാക്കിയത്. താരമൂല്യമുള്ള കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജോ ജോസഫ്, വിനായകന്‍ എന്നിവരാണ് കാഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ഇന്ദ്രന്‍സും സലിംകുമാറും അടാട്ട് ഗോപാലനും കനി കുസൃതിയും ഉള്‍പ്പെടെ ഒരു വലിയ താരനിര തന്നെ സിനിമയെ സമ്പന്നമാക്കുന്നു.
മുഖ്യധാര സിനിമയുടെ സങ്കേതങ്ങളെല്ലാം അതേ പടി നിലനിര്‍ത്തി മികച്ച സിനിമ അനുഭവം സമ്മാനിക്കുന്നതായിരുന്നു പടയെന്ന് പ്രേക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു. ആദിവാസി ജീവിതത്തിന്റെ ഉള്ളറകളോ, കീഴാള ജീവിതത്തിന്റെ അടയാളപ്പെടുത്തലോ ഒന്നും സിനിമയില്‍ ദൃശ്യപ്പെടുത്തുന്നില്ല. എന്നാല്‍, മുത്തങ്ങയും ചെങ്ങറയും അരിപ്പയും ഉള്‍പ്പെടെ കേരളത്തെ പിടിച്ചുലച്ച എല്ലാ ഭൂസമരങ്ങളും സിനിമ ചര്‍ച്ചയാക്കുന്നുണ്ട്. അയ്യങ്കാളിപ്പടയുടെ ബന്ദിനാടകത്തെ മാത്രമല്ല, സിനിമയിലെ ആകെ പ്രമേയത്തെ തന്നെ അങ്ങേയറ്റം സത്യസന്ധയോടെയാണ് സംവിധാകന്‍ സമീപിച്ചിരിക്കുന്നത്. സായുധ പോരാളികളുടെ ഭാവങ്ങളൊന്നുമില്ലാതെ, സാധാരണ മനുഷ്യന്റെ ഏറ്റവും സാധാരണമായ പശ്ചാത്തലത്തിലാണ് നാലംഗസംഘത്തിന്റെ ഓപറേഷന്‍. അവരുടെ കുടുംബ പശ്ചാത്തലവും കുടുംബത്തോടുള്ള കമ്മിറ്റ് മെന്റും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് കഥ വികസിക്കുന്നത്. ഫിക്ഷനായി മാത്രം മലയാള സിനിമയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടിട്ടുള്ള വിപ്ലവ-വാചകക്കസര്‍ത്തകള്‍ കണ്ട് ശീലിച്ച മലയാളിക്ക് പുതിയ മാതൃക സൃഷ്ടിക്കുന്നതായിരുന്നു പട.
സര്‍ക്കാര്‍, പോലിസ് സംവിധാനങ്ങള്‍ അഥവ, ഭരണകൂട സംവിധാനങ്ങള്‍ എല്ലായിപ്പോഴും ഒരു ചീട്ടുകൊട്ടാരം മാത്രമാണെന്ന് പട തെളിയിക്കുന്നുണ്ട്. കളിത്തോക്കിനും ചണനൂലിനും പിവിസി പൈപ്പിനും മുന്‍പില്‍ തകര്‍ന്ന് വീഴുന്ന ഭരണകൂട സുരക്ഷസംവിധാനത്തെയാണ് സിനിമയില്‍ കാണുന്നത്. ജനം അല്ലെങ്കില്‍ പൗരന്മാരാണ് ജനാധിപത്യക്രമത്തില്‍ ഏറ്റവും ശക്തമായ സംവിധാനമെന്ന് കെഎം കമല്‍ പ്രേക്ഷകരെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു.
സമരത്തില്‍ വൈവിധ്യം കൊണ്ടുവന്നു എന്നതാണ് അയ്യങ്കാളിപ്പടയെ ഇന്നും ത്രില്ലില്‍ നിര്‍ത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് കേരളത്തിലെ നക്‌സല്‍-മാവോ-പോരാട്ട-വിപ്ലവകാരികള്‍ എന്ന് ആക്ഷേപിക്കുമ്പോഴും ഇത്തരം ഉജ്ജ്വല-സാഹസിക കൃത്യങ്ങളും അവരുടെ പിന്മുറക്കാരുടെ സംഭാവനയായിരുന്നു എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഇന്നലെകളെ അടയാളപ്പെടുത്തുക മാത്രമല്ല പട ചെയ്യുന്നത്, ഇപ്പോഴും സജീവമായ ചര്‍ച്ചകളിലുള്ള ഭൂമിപ്രശ്‌നങ്ങള്‍ അത് കൃത്യമായി അഡ്രസ് ചെയ്യുന്നുണ്ട്.
അക്കാലത്തെ മാധ്യങ്ങളെ, പ്രത്യേകിച്ച് ഏഷ്യാനെറ്റിന്റെ ആദിവാസി-ദലിത് അനുകൂല വാര്‍ത്തകള്‍ ചെയ്തിരുന്ന ലേഖകന്മാരെയും സിനിമ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. എന്താണ് വാര്‍ത്ത എന്നും ഭരണകൂടസംവിധാനങ്ങളില്‍ ചുറ്റിത്തിരിയലല്ല മാധ്യമപ്രവര്‍ത്തനമെന്നും സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. ജയച്ചന്ദ്രനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരും മുകുന്ദന്‍ സി മേനോനെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും നമ്മുക്ക് ചുറ്റിലും രക്ഷാ കവചങ്ങളായി നിന്നിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
സാധാരണക്കാരന് അന്യമായ പ്രത്യയശാസ്ത്ര ബന്ധനങ്ങളുമൊന്നുമില്ലാതെ ലളിതമായ രാഷ്ട്രീയമാണ് സിനിമയും അതിന്റെ പിന്നിലെ യഥാര്‍ഥസമരവും ചൂണ്ടിക്കാട്ടുന്നത്. അത്തരം പ്രയോഗങ്ങള്‍ ചെറിയ രൂപത്തില്‍ കടന്നുകൂടുന്നുണ്ടെങ്കിലും അത് പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രൂപത്തിലല്ല.