കുലുക്കല്ലൂര്‍ കാര്‍ഷിക സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്; സിപിഎം ആറ് പേര്‍ക്കെതിരേ നടപടിയെടുത്തു

Update: 2021-08-27 01:00 GMT

പട്ടാമ്പി: സി.പിഎം ഭരിക്കുന്ന കുലുക്കല്ലൂര്‍ പഞ്ചായത്ത് കാര്‍ഷിക സഹകരണ സംഘത്തില്‍ അരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാര്‍ട്ടിലോക്കല്‍ സെക്രട്ടറിയടക്കം ആറ് പേര്‍ക്കെതിരെ നടപടി. കുലുക്കല്ലൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ബാങ്ക് പ്രസിഡണ്ടുമായ അബ്ദുറഹ്മാന്‍, ലോക്കല്‍ കമ്മറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ മണികണ്ഠന്‍, ഹോണററി സെക്രട്ടറി ജനാര്‍ദനന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും സിപിഎം കുലുക്കല്ലൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം എം വിനോദ് കുമാര്‍, ബാങ്ക് വൈസ് പ്രസിഡണ്ടും, ഗ്രാമ പഞ്ചായത്ത് അംഗവുമായ എംകെ ശ്രീകുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യാനും ബാങ്ക് ഭരണസമിതി പിരിച്ചു വിടാനുമാണ് തട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ ശുപാര്‍ശ.

സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തില്‍ നടന്നസാമ്പത്തിക തട്ടിപ്പ് സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 43.5 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് അപഹരിച്ചു എന്ന് ഓഡിറ്റില്‍ കണ്ടെത്തി. 

ബാങ്ക് ജീവനാക്കാരനും പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.പി മണികണ്ഠന്‍, ഹോണററി സെക്രട്ടറി ജനാര്‍ദ്ദനന്‍ എന്നിവരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ജീവനക്കാരനായ മണികണ്ഠന്‍ സ്ഥിരം നിക്ഷേപകരുടെ പലിശത്തുകയില്‍ കൃത്രിമം കാട്ടി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായുംപണം ഇയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

ബാങ്കില്‍ നിന്നും വ്യക്തിഗത വായ്പ എടുത്ത 24 പേരെ കുറിച്ച് യാതൊരു വിവരവുമില്ല. ഇവരുടെ ഒപ്പു പോലും സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. വ്യക്തിഗത ജാമ്യത്തില്‍ മേല്‍ മാത്രം ബിസിനസ് വായ്പകള്‍ നല്‍കിയത് ഗുരുതര വീഴ്ച്ചയാണ്. വായ്പക്കാരില്‍ നിന്നും റിസ്‌ക്ക് ഫണ്ട് ഈടക്കുകയോ അംഗത്വം എടുക്കുകയോ ചെയ്തിട്ടില്ല.

കാര്‍ഷിക സഹകരണ സംഘത്തില്‍ അരക്കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പാര്‍ട്ടി തന്നെ കണ്ടെത്തുകയും അച്ചടക്ക നടപടിക്ക് വിധേയരാവുകയും ചെയ്ത ബാങ്ക് വൈസ് പ്രസിഡണ്ടും കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീകുമാര്‍, ബാങ്ക് ഡയറക്ടര്‍ രജനി എന്നിവര്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.

Tags:    

Similar News