സിംഘു അതിര്‍ത്തിയില്‍ സിഖ് വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ച സംഭവം: കൊലചെയ്യപ്പെട്ടയാള്‍ക്കെതിരേ കേസെടുത്ത് ഹരിയാന പോലിസ്
സിംഘു: സിംഘു അതിര്‍ത്തിയില്‍ വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചുവെന്നാരോപിച്ച് നിഹാങ്കുകള്‍ കൊലപ്പെടുത്തിയ ലഖ്ബീര്‍ സിങ്ങിനെതിരേ ഹരിയാന പോലിസ് കേസെടുത്തു. ഐപിസി 295-എ പ്രകാരം മതവികാരം വൃണപ്പെടുത്തിയതിനാണ് കേസെടുത്തത്.
ഒക്ടോബര്‍ 17നാണ് കുണ്ട്‌ലി പോലിസ് സ്‌റ്റേഷനില്‍ ബല്‍വിന്ദര്‍ സിങ്, ജിതേന്ദര്‍, ഉദ്‌ന ദല്‍ തുടങ്ങിയവരുടെ പരാതിയില്‍ പോലിസ് കേസെടുത്തത്.
സംഭവം നടന്നുവെന്ന് ആരോപിക്കുന്ന അതേ ദിവസം പുലര്‍ച്ചെയാണ് അതിര്‍ത്തിയിലെ പോലിസ് ബാരിക്കേഡിനുമുകളില്‍ കൈകാലുകള്‍ അറുത്തുമാറ്റിയ നിലയില്‍ ലഖ്ബീര്‍ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. സിഖ് പോരാളികളായ നിഹാങ്കുകളാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. നിഹാങ്കുകളില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ പിന്നീട് ഉത്തരവാദിത്തം ഏറ്റെടുത്ത് പോലിസില്‍ കീഴടങ്ങി.
ലഖ്ബീറിനെതിരേ കേസെടുത്ത വിവരം എസ്പി വീരേന്ദ്ര സിങ് സ്ഥിരീകരിച്ചു.
ലഖ്ബീര്‍ സിങ്ങിന്റെ പുറത്തുവന്ന വീഡിയോയിലെ സംഭവങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു.
ആ വീഡിയോയില്‍ തനിക്ക് ഒരു ഫോണും 30,000 രൂപയും ഒരാള്‍ തന്നുവെന്ന് ലഖ്ബീര്‍ ജനക്കൂട്ടത്തിനോട് പറയുന്നുണ്ട്.
എന്നാല്‍ ലഖ്ബീര്‍ പറഞ്ഞ ഫോണ്‍നമ്പറില്‍ ഉള്ളയാള്‍ അത് നിഷേധിച്ചു. തനിക്ക് ലഖ്ബീറിനെ അറിയില്ലെന്നും അയാള്‍ പറഞ്ഞു.
സരബ്ജിത് സിംഗ്, നരേന്‍ സിംഗ്, ഭഗവന്ത് സിംഗ്, ഗോവിന്ദ് പ്രീത് സിംഗ് എന്നിങ്ങനെ ഇതുവരെ നാല് നിഹാങ്കുകളെ പോലിസ് ലഖ്ബീര്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചതിനുള്ള ശിക്ഷയായാണ് ലഖ്ബീറിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പോലിസിന് മൊഴിനല്‍കി.