ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍: ആര്‍എസ്എസ്സിനേക്കാള്‍ വലിയ ഹിന്ദുത്വരാകാനാണ് ഇടത് സര്‍ക്കാര്‍ ശ്രമമെന്ന് പി അബ്ദുല്‍ ഹമീദ്
എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ പരിശീലന പരിപാടി സംഘപരിവാരത്തിന്റെ അതൃപ്തി മാത്രം പരിഗണിച്ചാണ് ഇടതു സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: അപകടങ്ങളിലോ ദുരന്തങ്ങളിലോ സഹജീവികളെ രക്ഷിക്കാന്‍ പരിശീലനം നല്‍കിയതിന്റെ പേരില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയതിലൂടെ ആര്‍എസ്എസ്സിനേക്കാള്‍ വലിയ ഹിന്ദുത്വ വാദികളാകാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ പരിശീലന പരിപാടി സംഘപരിവാരത്തിന്റെ അതൃപ്തി മാത്രം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ആര്‍എസ്എസ് പോഷക വിഭാഗമായ സേവാ ഭാരതിക്കു വരെ ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയിട്ടുണ്ടെന്നിരിക്കേ ഇപ്പോഴത്തെ നടപടി അങ്ങേയറ്റം അപഹാസ്യമാണ്. ആര്‍എസ്എസ്സിനെ തൃപ്തിപ്പെടുത്താന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് സര്‍ക്കാര്‍. അതേസമയം സര്‍ക്കാര്‍ കോളജ് ഗ്രൗണ്ടും സര്‍ക്കാര്‍ സ്‌കൂളുകളും ആര്‍എസ്എസ്സിന് ആയുധ പരിശീലനം നല്‍കുന്നതിനെതിരേ ചെറുവിരലനക്കാന്‍ ഇടതു സര്‍ക്കാരിന് ആര്‍ജ്ജവമില്ല. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ഗവ. കോളജ് ഗ്രൗണ്ട് ആര്‍എസ്എസ് മഹാസാംഘിക്കിന് വിട്ടുനല്‍കിയ സംഭവത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു നടപടി സ്വീകരിച്ചു എന്നു മറുപടി പറയണം.
ഒരു ജനപ്രതിനിധി പോലുമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന തരത്തിലേക്ക് ആര്‍എസ്എസ് മാറിയിരിക്കുന്നു. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായ ശേഷം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ബോംബ് ശേഖരം കണ്ടെത്തിയ 49 കേസുകളുണ്ടായി. ബോംബ് നിര്‍മാണത്തിനിടെ ആര്‍എസ്എസ് നേതാക്കളായ നിരവധി പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രി അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ഏതെങ്കിലും സംഘപരിവാര നേതാവ് നല്‍കുന്ന പരാതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പിണറായി വിജയന്‍ ആര്‍എസ്എസ്സിന്റെ വിനീത ദാസനായി മാറിയിരിക്കുന്നു. സോഷ്യല്‍മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ പോലും ആര്‍എസ്എസ്സുകാരന് പരാതിയുണ്ടെങ്കില്‍ നടപടി ഉടന്‍ തന്നെയെന്ന അവസ്ഥയാണ്. ഇത് കേരളത്തെ മറ്റൊരു യുപിയാക്കി മാറ്റുമെന്ന് പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.