ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര ആഘോഷിക്കാന്‍ ആകാശത്തേക്ക് വെടിവയ്പ്; ബെംഗളൂരുവില്‍ നാല് പേരെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ച നാല് ബിജെപിക്കാരെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. ബിജെപിക്കാര്‍ നിരവധി റൗണ്ട് വെടിയുതിര്‍ത്തതായി പോലിസ് അറിയിച്ചു.
യാത്രയില്‍ പങ്കെടുത്തവരില്‍ നിന്ന് നാല് തോക്കുകള്‍ പിടിച്ചെടുത്തു. അതില്‍ രണ്ട് തോക്കുകള്‍ ലൈസന്‍സ് ഉള്ളതാണ്. രണ്ടെണ്ണത്തിന്റെ കാര്യം വ്യക്തമല്ല, അന്വേഷണം നടക്കുന്നു.
തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെയും മുന്‍ മന്ത്രി ബബറാവു ഛിന്‍ഛന്‍സൂര്‍ തോക്കുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പുതുതായി കേന്ദ്ര മന്ത്രിസഭയിലെത്തിയ മന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് ബിജെപി ജന്‍ ആശിര്‍വാദ് യാത്ര സംഘടിപ്പിച്ചത്.
യാത്ര 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ 39 കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നു. കര്‍ണാടകയില്‍ നിന്ന് അനേകല്‍ നാരായണസ്വാമി, എല്‍ മുരുകന്‍, ശോഭ കരന്‍ന്ദ്‌ലജെ, ഭഗവന്ത് ഖുബ തുടങ്ങി നാല് മന്ത്രിമാരാണ് കാബിനറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവരെ പരിചയപ്പെടുത്തുകയാണ് കര്‍ണാടകയിലെ യാത്രയുടെ ഉദ്ദേശ്യം.
മാണ്ഡ്യയില്‍ ശോഭന കരന്‍ന്ദ്‌ലജെയാണ് റാലി തുടങ്ങിവച്ചത്. ഹുബ്ലിയില്‍ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന റാലിയില്‍ പലയിടത്തും ആരോഗ്യനിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിച്ചു.