'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച'; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ശനിയാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍

രാവിലെ 11ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും

Update: 2022-06-02 12:49 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കേരളാ സര്‍ക്കാരിന്റെ ആറാം വാര്‍ഷികത്തില്‍ 'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച' എന്ന മുദ്രാവാക്യമുയര്‍ത്തി ശനിയാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാവിലെ 11ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ആറ് വര്‍ഷത്തെ ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വിലക്കയറ്റമുള്‍പ്പെടെ സാധാരണക്കാരുടെ നിത്യജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുകയാണ്. പൊതുകടം നാലു ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുന്നു.

കടക്കെണിയില്‍ ശ്വാസം മുട്ടുമ്പോഴും കോടികള്‍ കടമെടുത്ത് കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിലെല്ലാമുപരി സര്‍ക്കാര്‍ ധൂര്‍ത്ത് അതിര് വിടുകയാണ്. സംസ്ഥാനം നേരിടുന്ന ഇത്തരം ഗുരുതരം സാഹചര്യവും സര്‍ക്കാരിന്റെ നയവൈകല്യവും തുറന്നുകാട്ടുന്നതിനും അതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമാണ് പ്രതിഷേധസംഗമം സംഘടിപ്പിക്കുന്നതെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി. അന്നേദിവസം വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പരാജയപ്പെട്ട കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി കെ ഉസ്മാന്‍, സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന സമിതിയംഗങ്ങള്‍ സംബന്ധിക്കും. 

Tags:    

Similar News