ഇതര സംസ്ഥാന തൊഴിലാളികളുമായി കോഴിക്കോടു നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു; ജാര്‍ഖണ്ഡിലേക്ക് മടങ്ങിയത് 1175 തൊഴിലാളികള്‍
കോഴിക്കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ജില്ലയില്‍ കുടുങ്ങിയ 1175 ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വൈകീട്ട് 7.30 ആയിരുന്നു ജില്ലയിലെ ആദ്യസംഘം യാത്രയായത്. കൊവിഡിന്റെ ഭീതിയില്‍ തങ്ങളെ സംരക്ഷിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയത്.
സംഘത്തില്‍ അഞ്ച് കുട്ടികളുമുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി 38 കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. കോഴിക്കോട് താലൂക്കില്‍ നിന്ന് 962 പേരും കൊയിലാണ്ടി താലൂക്കില്‍ നിന്ന് 213 പേരുമാണ് ആദ്യസംഘത്തിലുള്ളത്. ട്രെയിനില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ കൂടെ ഉദ്യോഗസ്ഥരുണ്ടാകും.
ക്യാംപുകളില്‍ മെഡിക്കല്‍ പരിശോധന കഴിഞ്ഞ ശേഷമാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്നത്, രോഗലക്ഷണമുള്ളവരെ അയക്കില്ല.
തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശാരീരിക അകലം പാലിച്ചുവേണം യാത്ര ചെയ്യാന്‍. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ വരും ദിവസങ്ങളില്‍ സ്വന്തം നാടുകളിലേയ്ക്ക് മടക്കി അയയ്ക്കും.
മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, എം.കെ മുനീര്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തൊഴിലാളികള യാത്രയാക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു.