ആറ്റിങ്ങലില്‍ വയോധികയായ വ്യാപാരിയുടെ മല്‍സ്യം റോഡിലേക്ക് വലിച്ചെറിഞ്ഞു; ന്യായീകരിച്ച് ആറ്റിങ്ങല്‍ നഗരസഭ
ഇന്ന് ഉച്ചയോടെയാണ് റോഡരികില്‍ മല്‍സ്യവില്‍പന നടത്തിയ അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയുടെ മൂന്ന് പെട്ടി മല്‍സ്യം നഗരസഭയുടെ മാലിന്യ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞത്. ആദ്യം ഒരു പെട്ടി മല്‍സ്യം റോഡിലേക്കും മറ്റു രണ്ട് പെട്ടി നഗരസഭയുടെ മാലിന്യ വാഹനത്തിലേക്കുമാണ് തട്ടിയത്.
ആറ്റിങ്ങല്‍: കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് ആറ്റിങ്ങല്‍ റോഡരികില്‍ കച്ചവടം ചെയ്തിരുന്ന വൃദ്ധയുടെ മല്‍സ്യം വലിച്ചെറിഞ്ഞ് നഗരസഭ. ആറ്റിങ്ങല്‍ അവനവഞ്ചേരി റോഡ് സൈഡില്‍ മല്‍സ്യവില്‍പന നടത്തുകയായിരുന്ന വയോധികയുടെ മല്‍സ്യമാണ് റോഡിലേക്ക് വലിച്ചെറിഞ്ഞത്.
ഇന്ന് ഉച്ചയോടെയാണ് റോഡരികില്‍ മല്‍സ്യവില്‍പന നടത്തിയ അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയുടെ മൂന്ന് പെട്ടി മല്‍സ്യം നഗരസഭയുടെ മാലിന്യ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞത്. ആദ്യം ഒരു പെട്ടി മല്‍സ്യം റോഡിലേക്കും മറ്റു രണ്ട് പെട്ടി നഗരസഭയുടെ മാലിന്യ വാഹനത്തിലേക്കുമാണ് തട്ടിയത്. മീന്‍ നശിപ്പിക്കരുതെന്ന് അല്‍ഫോന്‍സ കരഞ്ഞ് പറഞ്ഞിട്ടും നഗരസഭ ജീവനക്കാര്‍ ചെവിക്കൊണ്ടില്ല.
നഗരസഭ ജീവനക്കാരുടെ നടപടി തടയാന്‍ ശ്രമിച്ച അല്‍ഫോന്‍സ റോഡിലേക്ക് വീണു. മീന്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഏറെ നേരം അല്‍ഫോന്‍സ റോഡില്‍ കിടന്നു. ജീവനക്കാരുമായുള്ള ചെറിയ സംഘര്‍ഷത്തില്‍ പരിക്കേറ്റ അല്‍ഫോന്‍സയെ വലിയകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ മീന്‍കടക്കാരനെ സഹായിക്കാനാണ് അല്‍ഫോണ്‍സയെ തടഞ്ഞതെന്നും ആരോപണമുണ്ട്. 20000 രൂപയുടെ മൂന്ന് ചരുവം മീനാണ് നഗരസഭ മാലിന്യ സംസ്‌കരണപ്ലാന്റിലേക്ക് നീക്കിയത്.
അതേസമയം,മല്‍സ്യക്കച്ചവടം മാര്‍ക്കറ്റില്‍ മത്രമേ അനുവദിക്കാനാവൂ എന്നും റോഡ് സൈഡില്‍ വില്‍പന നടത്തിയതാണ് തടഞ്ഞതെന്നുമാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് കുമാരി മാധ്യമങ്ങളോട് പറഞ്ഞത്.