തിരുവനന്തപുരം ജില്ലയില്‍ മത്സ്യബന്ധനത്തിനു നിരോധനം; പൂന്തുറയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലുള്ള പൂന്തുറ മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കര്‍ശന രീതിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാനും നിര്‍ദേശം നല്‍കി. ഇവിടെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്റെ നേതൃത്വത്തില്‍ 25 കമാന്റോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.
പൂന്തുറ മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.